ഹൈദരാബാദ്: കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്.

പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് 'എന്‍ഡിടിവി' റിപ്പോര്‍ട്ട് ചെയ്തു. 

അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി. മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള പോളവരപു കമല എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്‌റ്റ്‍‍വെയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് അമേരിക്കയിലെത്തിയത്. ജോലിയും ഉന്നത പഠനവും തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.