ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാങ്ങ മോഷ്ടിച്ച യുവാവിനെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. 27കാരനായ ഇന്ത്യന്‍ പൗരന്‍ രണ്ട് മാങ്ങകളാണ് മോഷ്ടിച്ചത്. ഇതിന് ആറ് ദിര്‍ഹം വിലവരുമെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. 

2017 ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്‍പദമായ സംഭവം. വിമാനത്താവള ജീവനക്കാരനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കണക്കാക്കിയാണ് മോഷണക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതി മോഷണക്കുറ്റം സമ്മതിച്ചു. വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് യാത്രക്കാരുടെ ബാഗേജുകള്‍ കണ്ടെയ്നറില്‍ നിന്ന് കണ്‍വയര്‍ ബെല്‍റ്റിലേക്കും തിരിച്ചും എടുത്തുവെയ്ക്കേണ്ട ചുമതലയായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെ ഇന്ത്യയിലേക്ക് കയറ്റി അയക്കേണ്ട ഒരു ബാഗേജില്‍ നിന്ന് രണ്ട് മാങ്ങ മോഷ്ടിച്ചുവെന്നാണ് കേസ്. ദാഹം തോന്നിയിരുന്നതിനാല്‍ താന്‍ വെള്ളം അന്വേഷിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് മാങ്ങ മോഷ്ടിച്ചതെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

2018 ഏപ്രിലിലാണ് പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ഇയാളുടെ താമസസ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. മോഷ്ടിച്ച വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. എന്നാല്‍ പ്രതി ബാഗ് തുറന്ന് മാങ്ങ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടുവെന്ന് സെക്യൂരിറ്റി ഓഫീസര്‍ മൊഴി നല്‍കി. കേസില്‍ സെപ്തംബര്‍ 23ന് കോടതി വിധി പറയും.