Asianet News MalayalamAsianet News Malayalam

ആശ്വാസം; നാട്ടിൽ പോകാൻ ടിക്കറ്റിനായി അബ്ഷീറിൽ ഇന്ത്യക്കാര്‍ക്കും രജിസ്റ്റർ ചെയ്യാം

കൊവിഡ്​ പ്രതിസന്ധിയിൽ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവർക്ക്​ വേണ്ടി സൗദി ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ‘ഔദ’ പദ്ധതിയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തി. 

Indians can also register in absher for a ticket to back home
Author
Saudi Arabia, First Published Apr 28, 2020, 4:58 PM IST

റിയാദ്: കൊവിഡ്​ പ്രതിസന്ധിയിൽ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവർക്ക്​ വേണ്ടി സൗദി ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ‘ഔദ’ പദ്ധതിയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്‍റെ അബ്​ഷീർ പോർട്ടലിൽ ഔദ വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. ഈ മാസം 23ന്​ പദ്ധതി തുടങ്ങുമ്പോൾ ഈജിപ്ത്, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്​ മാത്രമേ ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 

ആ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ തരം വിസക്കാരും രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്. അതായത്​ എക്സിറ്റ്/റീ എൻട്രി, ഫൈനൽ എക്സിറ്റ്, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ടൂറിസ്റ്റ്​ വിസ തുടങ്ങിയ വിസകളിൽ വന്നവർക്കെല്ലാം ഔദയിൽ രജിസ്റ്റർ ചെയ്യാമായിരുന്നു. ഇപ്പോൾ ഇതേ സൗകര്യം ഇന്ത്യാക്കാർക്കും ലഭിച്ചിരിക്കുകയാണ്.

https://www.absher.sa/portal/landing.html എന്ന പോർട്ടലിൽ വ്യക്തികൾക്കുള്ള ലിങ്ക്​ തുറക്കുമ്പോള്‍ ആദ്യ പേജിൽ തന്നെ വിമാന ചിഹ്നത്തോടെ ‘ഔദ’ എന്ന ഐക്കണ്‍ കാണാനാവും. അതിൽ ക്ലിക്ക്​ ചെയ്താല‍് തുറന്നുവരുന്ന  പേജിലെ 'New Travel Request' എന്ന ബോക്സിൽ ക്ലിക്ക്​ ചെയ്ത്​ ഇഖാമ നമ്പര്‍, ജനനതിയതി, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കണം. അബ്​ഷിറിൽ അക്കൗണ്ട്​ ഇല്ലാത്തവർക്കും ഇത്​ ഉപയോഗിച്ച്​ രജിസ്റ്റർ ചെയ്യാം. 

ഫൈനൽ എക്‌സിറ്റോ റീ എൻട്രിയോ അടിച്ചാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. സന്ദർശക വിസയിലുള്ളവർ ഇഖാമയ്​ക്ക്​ പകരം എയർപ്പോർട്ടിലെ എമിഗ്രേഷൻ നടപടിക്കിടെ പാസ്​പോർട്ടിൽ രേഖപ്പെടുത്തിയ ബോർഡര്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൊവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവിസുകള്‍ റദ്ദാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ്​ ഈ ബദൽ മാർഗം തുറന്നിരിക്കുന്നത്. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ ജവാസത്ത്​ ഇത്​ പരിശോധിച്ച്​ യാത്രക്ക് അനുമതി നൽകും. അനുമതി ലഭിച്ചാല്‍ നാട്ടില്‍ പോകേണ്ട തിയതിയും ടിക്കറ്റ് നമ്പറും ബുക്കിങ്​ വിവരവും മൊബൈലില്‍ അയച്ചുതരും. അതിന്​ ശേഷം പോകുന്നയാള്‍ വിമാന ടിക്കറ്റിന്​ പണമടച്ച്​ യാത്ര ചെയ്യാം.

Follow Us:
Download App:
  • android
  • ios