എച്ച്-1ബി വിസ അപേക്ഷാ ഫീസ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ പരിഭ്രാന്തി. നിരവധി ഇന്ത്യൻ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിൻ്റെ എച്ച്-1ബി വിസ ഫീസ് പരിഷ്കരണത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ പരിഭ്രാന്തി. എച്ച്-1ബി വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനിരുന്ന എമിറേറ്റ്സ് വിമാനത്തിലെ നിരവധി ഇന്ത്യൻ യാത്രക്കാർ വിസ റദ്ദാക്കപ്പെടുമെന്ന ഭയത്തിൽ വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇത് മൂലം വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറോളം വൈകി. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
ഇതിന്‍റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. യുഎസിലേക്ക് തിരികെ വരാൻ കഴിയുമോ എന്ന ഭയത്തിലാണ് യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത്. ഒരു വീഡിയോയിൽ, യാത്രക്കാർ വിമാനത്തിൻ്റെ ഇടനാഴികളിൽ പരിഭ്രാന്തരായി നിൽക്കുന്നതും, മറ്റുചിലർ ഫോണിൽ വിവരങ്ങൾ തിരയുന്നതും കാണാം. മറ്റൊരു വീഡിയോയിൽ, അസാധാരണമായ ഈ സാഹചര്യത്തിൽ ആവശ്യമുള്ളവർക്ക് വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ സാധിക്കുമെന്ന് ക്യാപ്റ്റൻ പറയുന്നതും കേൾക്കാം.
'നിലവിലെ സാഹചര്യങ്ങൾ കാരണം, എമിറേറ്റ്സിനെ സംബന്ധിച്ചിടത്തോളം ഇത് അഭൂതപൂർവമായ ഒരു സാഹചര്യമാണ്, നിരവധി യാത്രക്കാർക്ക് ഞങ്ങളോടൊപ്പം യാത്ര ചെയ്യാൻ താൽപര്യമില്ലെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങണമെങ്കിൽ, അത് ചെയ്യാവുന്നതാണ്'' - ക്യാപ്റ്റൻ പറഞ്ഞു.
'ഈ വെള്ളിയാഴ്ച രാവിലെ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിലെ എമിറേറ്റ്സ് യാത്രക്കാർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. പുതിയതും നിലവിലുള്ളതുമായ എച്ച്-1ബി വിസ ഉടമകളെ ബാധിക്കുന്ന ഒരു ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചത് പലർക്കും, പ്രത്യേകിച്ച് ഇന്ത്യൻ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇത് കാരണം പലരും വിമാനം ഉപേക്ഷിച്ച് പുറത്തിറങ്ങി- ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു. വിമാനം പുറപ്പെടാനായി മൂന്ന് മണിക്കൂറിലധികം സമയമെടുത്തതായും യാത്രക്കാര്‍ പറഞ്ഞു.
പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. നിലവിലെ H1ബി വീസകൾക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം എച്ച്1 ബി വിസകൾക്ക് നിയന്ത്രമേർപ്പെടുത്തിയ യുഎസ് നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഒറ്റത്തവണ ഫീസാണെന്നും, നിലവിൽ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പിറക്കിയെങ്കിലും അമേരിക്കൻ കമ്പനികളും ഇന്ത്യൻ ഉദ്യോഗാർത്ഥികളും ആശങ്കയിലാണ്. പുതിയ നീക്കം അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വൈറ്റ് ഹൗസ് അവകാശവാദത്തിനെതിരെയും വിമർശനം ശക്തമാണ്.

