ഗ്രാൻഡ് മോസ്കിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ നിരവധി ഉദ്യോഗസ്ഥരും എത്തി
മക്ക: സൗദിയിൽ സന്ദർശനത്തിനെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഉംറ നിർവഹിച്ചു. ബുധനാഴ്ചയാണ് മക്കയിലെത്തി ഉംറ കർമങ്ങൾ നിർവഹിച്ചത്. ഗ്രാൻഡ് മോസ്കിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നതായി സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അധികാരത്തിലെത്തിയ ശേഷം സൗദിയിലേക്കുള്ള പ്രബോവോയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
സന്ദർശനത്തിനിടെ 2,700 കോടി ഡോളറിൻ്റെ കരാറുകളിൽ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചിട്ടുണ്ട്. ശുദ്ധമായ ഊർജ്ജം, പെട്രോകെമിക്കൽ വ്യവസായങ്ങൾ, വ്യോമയാന ഇന്ധന സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലാണ് നിരവധി കരാറുകൾ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും എല്ലാ മേഖലകളിലും അവ വികസിപ്പിക്കാനുള്ള വഴികളും സൗദി കിരീടാവകാശിയുമായി ഇന്തോനേഷ്യൻ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.