ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റെ സൗദി സന്ദർശനത്തിനിടയിലാണ് കരാറുകൾ ഒപ്പുവെച്ചത് 

റിയാദ്: 2,700 കോടി ഡോളറിൻ്റെ കരാറുകളിൽ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്റെ സൗദി സന്ദർശനത്തിനിടയിലാണ് ശുദ്ധമായ ഊർജ്ജം, പെട്രോകെമിക്കൽ വ്യവസായങ്ങൾ, വ്യോമയാന ഇന്ധന സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചത്.

ബുധനാഴ്ച സൗദിയിലെത്തിയ പ്രബോവോ സുബിയാന് ജിദ്ദ അൽ സലാം പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഊഷ്മളവും രാജകീയവുമായ വരവേൽപ്പാണ് നൽകിയത്. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും എല്ലാ മേഖലകളിലും അവ വികസിപ്പിക്കാനുള്ള വഴികളും അവർ അവലോകനം ചെയ്തു.

സാമ്പത്തിക ബന്ധങ്ങളുടെ ശക്തിയെ പ്രശംസിക്കുകയും പ്രത്യേകിച്ച് മുൻഗണനാ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിൻ്റെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് പിന്തുണ നൽകുന്നതിൻ്റെയും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് ‘സൗദി വിഷൻ 2030’ഉം ഇന്തോനേഷ്യയുടെ ‘ഗോൾഡൻ വിഷൻ 2045’ഉം നൽകുന്ന അവസരങ്ങൾ മുതലെടുക്കുന്നതിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ധാരണയായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 31,50 കോടി ഡോളറിലെത്തിയ ഉഭയകക്ഷി വ്യാപാര നിലവാരത്തെ ഇരുവരും പ്രശംസിച്ചു.