കുവൈത്തിലേക്ക് എത്തുന്ന മയക്കുമരുന്നിന്‍റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 90 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രി. കുവൈത്ത് സമൂഹത്തെ ലക്ഷ്യമിടുന്ന മയക്കുമരുന്ന് ഡീലർമാർക്കെതിരെ മന്ത്രാലയം ഒരു യഥാർത്ഥ യുദ്ധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് എത്തുന്ന മയക്കുമരുന്നിന്‍റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 90 ശതമാനം കുറയ്ക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം വിജയിച്ചതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് പ്രഖ്യാപിച്ചു. കുവൈത്ത് സമൂഹത്തെ ലക്ഷ്യമിടുന്ന മയക്കുമരുന്ന് ഡീലർമാർക്കെതിരെ മന്ത്രാലയം ഒരു യഥാർത്ഥ യുദ്ധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കുവൈത്ത് ഫിനാൻസ് ഹൗസിന്‍റെ സംഭാവനയോടെ നവീകരിച്ച ലഹരി ചികിത്സാ കേന്ദ്രത്തിന്‍റെ പത്താം വിംഗ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാധിയോടൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശൈഖ് ഫഹദ് അൽ യൂസഫ്. കടുത്ത ശിക്ഷകൾ ഉൾപ്പെടുന്ന പുതിയ മയക്കുമരുന്ന് നിയമത്തിന്‍റെ കരട് ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഡീലർമാർക്ക് വധശിക്ഷ വരെ നൽകാൻ കഴിയുന്ന കർശന ശിക്ഷകൾ ഈ കരട് നിയമത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ രാജ്യം കൈക്കൊള്ളുന്ന ശക്തമായ നടപടികളെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.