കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ സ്റ്റാളുകൾക്കെതിരെ നടപടി. അൽ-റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബാഗുകൾ, ചെരുപ്പുകൾ, ടി-ഷർട്ടുകൾ ഉൾപ്പെടെ 1,430 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഒമ്പത് സ്റ്റാളുകൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബാഗുകൾ, ചെരുപ്പുകൾ, ടി-ഷർട്ടുകൾ ഉൾപ്പെടെ 1,430 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. നിയമലംഘനങ്ങൾ നടത്തിയ വ്യാപാരികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൊമേഴ്ഷ്യൽ പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. സ്വത്തവകാശ സംരക്ഷണത്തിനും വ്യാപാര തട്ടിപ്പുകൾ തടയുന്നതിനുമായി പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ പഴം പച്ചക്കറി മാർക്കറ്റിലടക്കം വ്യാപക പരിശോധന. മേഖലയിലെ 280ഓളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റിയുടെ പ്രത്യേക സംഘം ഒരേസമയം കർശന പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ ഭക്ഷ്യ സംഭരണ ശാലകളിൽ നിന്നായി 52 നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനായി തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള കർശന നിയമപ്രകാരം അടിയന്തര നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. മനുഷ്യഉപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.


