കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ പിടികൂടുന്നതിനായി കുവൈത്തില്‍ വ്യാപക പരിശോധന. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര മന്ത്രാലത്തിലെ താമസകാര്യ വിഭാഗം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളിലടക്കം അപ്രതീക്ഷിത പരിശോധന നടത്തി.

ഖൈതാന്‍, ജലീബ് അല്‍ ഷുയൂഖ്, ഫര്‍വാനിയ, വഫ്‍റ, കബദ്, ജഹ്‍റ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം നൂറോളം പേരെ അറസ്റ്റ് ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ജലീബില്‍ നിന്ന് മുപ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‍പോണ്‍സര്‍ക്ക് കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കബദിലും വഫ്‍റയിലും ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയിരുന്ന ഇരുപത്തി അഞ്ചോളം തൊഴിലാളികളെയും പിടികൂടി.