ദുബൈ: 'ഓപ്പറേഷന്‍ ഫ്രിഡ്ജി'ലൂടെ ദുബൈയില്‍ പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെ. പച്ചക്കറി സൂക്ഷിക്കുന്ന കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 123 കിലോഗ്രാം പരല്‍ രൂപത്തിലുള്ള ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയത്. 

ഏഷ്യന്‍ രാജ്യത്ത് നിന്നെത്തിയ ശീതീകരിച്ച ഷിപ്പിങ് കണ്ടെയ്‌നറിന്റെ താഴ്ഭാഗത്തുനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തിലെ മൂന്നുപേരാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ സംഘത്തലവന്‍ ഏഷ്യന്‍ വംശജനാണെന്നും പൊലീസ് ശനിയാഴ്ച അറിയിച്ചു. ലഹരിമരുന്ന് കള്ളക്കടത്തിനെതിരെയുള്ള ദുബൈ പൊലീസിന്റെ തുടര്‍ച്ചയായ പോരാട്ടത്തിന് ഉദാഹരണമാണ് 'ഓപ്പറേഷന്‍ ഫ്രിഡ്ജ്' എന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. ദുബൈ പൊലീസ്, ഷാര്‍ജ പൊലീസ്, ഷാര്‍ജ കസ്റ്റംസ് എന്നിവയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള പരസ്പര സഹകരണം ഓപ്പറേഷന്‍ വിജയകരമാകാന്‍ സഹായിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.