Asianet News MalayalamAsianet News Malayalam

മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ

യുവാവിനെ പൊലീസ് ചോദ്യം ചെയ്‍തപ്പോഴാണ് ഹോട്ടലില്‍ തീയിടുന്ന വീഡിയോ ഇയാള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ചതായി കണ്ടെത്തിയത്. മുന്‍കരുതല്‍ നടപടിയായി, ഹോട്ടലിലെ എല്ലാ അതിഥികളെയും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

intoxicated youth attempted to burn down a hotel in Bahrain 140 guests evacuated
Author
Manama, First Published Jul 31, 2022, 2:36 PM IST

മനാമ: ബഹ്റൈനില്‍ യുവാവ് മദ്യ ലഹരിയില്‍ ഹോട്ടലിന് തീയിട്ടു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോട്ടലിലുണ്ടായിരുന്ന 140 അതിഥികളെ അധികൃതര്‍ ഒഴിപ്പിച്ചു. ഹോട്ടലില്‍ തീയിട്ട ശേഷം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‍ത 38 വയസുകാരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു.

ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. സ്വദേശിയായ യുവാവ് ഹോട്ടലിലെ റസ്റ്റോറന്റില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മൂന്നാം നിലയിലെ വരാന്തയില്‍ പോയ ശേഷം അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറിന് തീയിടുകയായിരുന്നു. തീ പിന്നീട് ഹോട്ടലിലെ കാര്‍പ്പറ്റുകളിലേക്കും പടര്‍ന്നു. തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിശമന സേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഹോട്ടലിലെ അഗ്നിശമന സേനാ സംവിധാനം തന്നെ സ്വമേധയാ പ്രവര്‍ത്തിച്ച് തീ നിയന്ത്രണ വിധേയമാക്കിയെന്നും യുവാവ് തീയിട്ട മുറിയില്‍ നിന്ന് തൊട്ടടുത്ത മുറിയിലേക്ക് പോലും തീ പടര്‍ന്നിരുന്നില്ലെന്നും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ അറിയിച്ചു.

Read also:  ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

യുവാവിനെ പൊലീസ് ചോദ്യം ചെയ്‍തപ്പോഴാണ് ഹോട്ടലില്‍ തീയിടുന്ന വീഡിയോ ഇയാള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ചതായി കണ്ടെത്തിയത്. മുന്‍കരുതല്‍ നടപടിയായി, ഹോട്ടലിലെ എല്ലാ അതിഥികളെയും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഹോട്ടലിലെ അഞ്ച് താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

തൊട്ടടുത്ത മറ്റൊരു ഹോട്ടലിലേക്കാണ് അതിഥികളെയെല്ലാം മാറ്റിയതെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. കെട്ടിടത്തിലെ ഏതാനും ഫര്‍ണിച്ചറുകളും കാര്‍പ്പറ്റുകളും മാത്രമാണ് കത്തിനശിച്ചതെന്നും ചുവരിലും മറ്റും കരിപിടിച്ചത് പോലുള്ള ചില ചെറിയ തകരാറുകള്‍ മാത്രമാണ് ഹോട്ടലിന് ഉണ്ടായതെന്നും അധികൃതര്‍ വിശദീകരിച്ചു. ഹോട്ടലില്‍ ടൂറിസം അധികൃതര്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ അനുമതി നല്‍കുക. പിടിയിലായ വ്യക്തിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Read also:  യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം

Follow Us:
Download App:
  • android
  • ios