ബുധനാഴ്ച രാവിലെ പ്രദേശിക സമയം ഒന്‍പത് മണിയോടെ 520 യാത്രക്കാരുമായി ദുബായില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങിയ എമിറേറ്റ്സ് 203 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസുഖം ബാധിച്ചത്.
ന്യൂയോര്‍ക്ക്: യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ന്യൂയോർക്കിൽ തടഞ്ഞിട്ട എമിറേറ്റ്സ് വിമാനത്തില്‍ പരിശോധനകൾ തുടരുന്നു. കടുത്ത പനിയുള്ള പത്തു യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ബുധനാഴ്ച രാവിലെ പ്രദേശിക സമയം ഒന്‍പത് മണിയോടെ 520 യാത്രക്കാരുമായി ദുബായില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങിയ എമിറേറ്റ്സ് 203 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസുഖം ബാധിച്ചത്. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ തന്നെ തടഞ്ഞിട്ട് പരിശോധനകള്‍ നടത്താന്‍ ന്യൂയോര്‍ക്കിലെ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത പനിയും ചുമയും ഛര്‍ദ്ദിയും അടക്കം ഫ്ലൂ ലക്ഷണങ്ങളുള്ള പത്തോളം യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ വൈദ്യ പരിശോധന ഇപ്പോഴും തുടരുകയാണ്. മൂന്ന് യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്.
90 പേര്‍ക്ക് വിമാനത്തില്‍ വെച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കി. മറ്റ് യാത്രക്കാരെ വിട്ടയച്ചു. ദുബായില്‍ നിന്ന് സൗദിയില്‍ ഇറങ്ങിയ ശേഷമാണ് വിമാനം ന്യൂയോര്‍ക്കില്‍ എത്തിയത്. മക്കയില്‍ നിന്ന് കയറിയ യാത്രക്കാര്‍ക്ക് അസുഖ ലക്ഷണങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ സ്ഥിതി ഗുരുതരമായിരുന്നുവെന്ന് വിട്ടയച്ച യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കാന്‍ വിമാനം ഇപ്പോഴും തടഞ്ഞിട്ട് പരിശോധനകള്‍ തുടരുന്നു. മലയാളികളടക്കം നൂറോളം ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു.






