കുവൈത്ത് സിറ്റി: കുവൈറ്റിലെ വിദേശികള്‍ക്ക് താമസ പെര്‍മിറ്റ് പുതുക്കാന്‍ ഇനി ഓഫീസുകളില്‍ പോകേണ്ട.  ഇഖാമ ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള സംവിധാനം ഓണ്‍ലൈനായി ലഭ്യമാവും. രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‍ലോഡ് ചെയ്താല്‍ ഓഫീസുകളില്‍ പോകാതെ തന്നെ ഇഖാമ പുതുക്കാവുന്ന സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. പങ്കാളികള്‍ക്കും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശക വിസകളും ഓണ്‍ലൈനായി ലഭ്യമാവും. വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കുന്നതിനുള്ള സംവിധാനം കൂടി ഏർപ്പെടുത്താനുണ്ട്. നിലവിൽ ഇൻഷുറൻസ് കമ്പനിയിൽ പണം അടച്ചശേഷമാണു വീസ നടപടികൾ പൂർത്തിയാക്കുന്നത്. ഇതുകൂടി ഓണ്‍ലൈനായി മാറുന്നതോടെ വിസ നടപടികള്‍ പൂര്‍ണ്ണമായി ഓണ്‍ലൈനാവും. അടുത്ത വര്‍ഷം പകുതിയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.