ടെഹ്‍റാന്‍: ഇറാനില്‍ കൊറോണ വൈറസ് അതിവേഗം പരക്കുമ്പോഴും ആത്മീയ കേന്ദ്രങ്ങളിലെ ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവാതെ ജനങ്ങളും പുരോഹിതന്മാരും. ശിയാ ആത്മീയ കേന്ദ്രങ്ങളില്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന വിശ്വാസികളുടെ വീഡിയോ ദൃശ്യങ്ങളാണ് അറബ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കൊറോണ വൈറസിന്റെ പേരുപറഞ്ഞ് തങ്ങളെ പേടിപ്പിക്കരുതെന്നും ചില വിശ്വാസികള്‍ പറഞ്ഞു.

ഇറാനിലെ കൊറോണ വൈറസ് ബാധയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഖും നഗരത്തില്‍ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളാണുള്ളത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ കേന്ദ്രങ്ങള്‍ അടച്ചിടണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടെങ്കിലും അനവധി തീര്‍ത്ഥാടകരാണ് ഇവിടെ ഇപ്പോഴും എത്തുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഗേറ്റുകളിലും ജനലിലുമൊക്കെ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന ആചാരവും നിര്‍ബാധം തുടരുന്നു.

അല്‍ അറബിയ ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ 'കൊറോണയുടെ പേരുപറഞ്ഞ് ജനങ്ങളെ ഇങ്ങനെ പേടിപ്പിക്കരുതെന്നാണ്' ഒരാള്‍ ആവശ്യപ്പെടുന്നത്. ശിയാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൊറോണ വൈറസ് ഒന്നുമല്ലെന്ന് പറയുന്ന ഇയാള്‍ അവിടെ ചുംബിക്കുകയും ചെയ്യുന്നു. താന്‍ എല്ലാ കൊറോണ വൈറസും സ്വീകരിക്കുകയാണെന്ന് പറഞ്ഞ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ജനലില്‍ നക്കുന്ന മറ്റൊരു വിശ്വാസിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തതായി ഇറാനിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 

അതേസമയം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ രോഗശാന്തി സമ്മാനിക്കുന്ന ഇടങ്ങളാണെന്ന് വിശേഷിപ്പിച്ച് ജനങ്ങളെ അവിടേക്ക് ക്ഷണിക്കുകയാണ് പരമോന്നത നേതാവ് അലി ഖാംനഈയുടെ പ്രതിനിധി ചെയ്തത്. ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ശമനം ലഭിക്കുമെന്ന് പുരോഹിതനമായ മുഹമ്മദ് സഈദി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഇതുവരെ 107 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. സ്കൂളുകള്‍ക്ക് ഏപ്രില്‍ വരെ അവധി നല്‍കിയിരിക്കുകയാണ്. കറന്‍സി നോട്ടുകള്‍ പോലും ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും സ്കൂള്‍ അവധി ഉപയോഗപ്പെടുത്തി ജനങ്ങള്‍ യാത്ര ചെയ്യാന്‍ മുതിരരുതെന്നുമാണ് ഇറാനിലെ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.  3513 പേര്‍ക്കാണ് ഇറാനില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.