പൊലീസ് വാഹനത്തില്‍ വെച്ച് അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. 

തെഹ്റാന്‍: ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.

പൊലീസ് വാഹനത്തില്‍ വെച്ച് അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും അറിയിച്ചു.

Scroll to load tweet…

ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് ചില ബന്ധുക്കളെ കാണാനായി രാജ്യ തലസ്ഥാനമായ തെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം സഞ്ചരിക്കവെയാണ് അമീനിയെ മതകാര്യ പൊലീസ് പിടികൂടിയത്. രാജ്യത്തെ കര്‍ശനമായ നിയമം അനുശാസിക്കുന്നതു പോലെ ശിരോവസ്‍ത്രം ധരിച്ചില്ലെന്നാരോപിച്ചായിരുന്നു നടപടി. ഒരു ബോധവത്കരണ ക്ലാസിന് ശേഷം ഇവരെ തിരിച്ചയക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞതെന്നും എന്നാല്‍ പിന്നീട് അമീനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും പിതാവ് പറഞ്ഞു.

ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കോമ അവസ്ഥയില്‍ കിടക്കുന്ന അമീനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ശിരോവസ്ത്രം ഊരി സ്‍ത്രീകള്‍ പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 'സ്‍ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തെഹ്റാന്‍ സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ അണിനിരന്നു. അമീനി മരണപ്പെട്ട കസ്റ ആശുപത്രിക്ക് മുന്നിലും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധക്കാരും ഒത്തുകൂടി. ഇവിടെ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Scroll to load tweet…

സംഭവത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനേയി പ്രതികരിക്കണമെന്ന് മുന്‍പാര്‍ലമെന്റ് അംഗം മഹ്‍മൂദ് സദേഗി ആവശ്യപ്പെട്ടു. അമേരിക്കയില്‍ ജോര്‍ജ് ഫ്രോയിഡ് പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച പരമോന്നത നേതാവ്, ഇപ്പോള്‍ മഹ്‍സ അമീനിയോട് ഇറാന്‍ പൊലീസ് പെരുമാറിയതിനെക്കുറിച്ച് പ്രതികരിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‍തു. സംഭവത്തില്‍ ഇറാന്‍ ആഭ്യന്തര മന്ത്രാലയവും തെഹ്റാനിലെ പ്രോസിക്യൂട്ടറും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Scroll to load tweet…