എങ്ങനെയെങ്കിലും പണം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് പല പ്രവാസികളും. ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണെടുത്തും പലിശക്ക് പണം വാങ്ങിയും നാട്ടിലേക്ക് അയക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണവും വര്‍ദ്ധിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ഇത്രയും വലിയ വിനിമയ നിരക്ക് ലഭിക്കുന്നത്. പലരും കടം വാങ്ങിയും പലശയ്ക്ക് എടുത്തും നാട്ടിലേക്ക് പണമയക്കുകയാണ്. എന്നാല്‍ 2013ല്‍ ഇത്പോലെ ഒരു അവസരത്തില്‍ നാട്ടിലേക്ക് പണം അയച്ച പലരും ഇപ്പോഴും ജയിലില്‍ അഴിയെണ്ണി കഴിയുകയാണെന്ന് മറക്കരുത്.
സമീപകാലത്ത് ഇത് ആദ്യമായാണ് പ്രവാസികള്‍ക്ക് ഇത്ര മികച്ച വിനിമയ നിരക്ക് കിട്ടുന്നത്. രൂപയ്ക്കെതിരെ 20ല്‍ മുത്തമിടാനൊരുങ്ങുകയാണ് യുഎഇ ദിര്‍ഹം. മറ്റ് ഗള്‍ഫ് കറന്‍സികളും ഒട്ടും പിറകിലല്ല. ഗള്‍ഫിലുള്ള പല പ്രവാസികളും നാട്ടിലെ വായ്പകള്‍ അടച്ചുതീര്‍ക്കുന്ന തിരക്കിലാണ്. മൂല്യത്തിലെ മാറ്റം മുതലാക്കി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് പോയവാരം രേഖപ്പെടുത്തിയത്.
എങ്ങനെയെങ്കിലും പണം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് പല പ്രവാസികളും. ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണെടുത്തും പലിശക്ക് പണം വാങ്ങിയും നാട്ടിലേക്ക് അയക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ രൂപ കൂപ്പുകുത്തുന്നതില്‍ അത്ര സന്തോഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.
ഗള്‍ഫില്‍ നിന്ന് ലോണെടുത്ത് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ നിക്ഷേപ വരുമാനമാര്‍ഗത്തില്‍ പണം ഉപയോഗിച്ചാല്‍ നേട്ടമുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പണം കൂടുതല്‍ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് പലരും ലോണെടുക്കുന്നത്. സ്വീകാര്യമല്ലാത്ത മാര്‍ഗത്തിലൂടെ പണം കൈവശപ്പെടുത്തുമ്പോള്‍ തിരിച്ചടവിനുള്ള വഴികൂടി കണ്ടെത്തണം. അതില്ലെങ്കില്‍ താല്‍ക്കാലിക ലാഭം കഴിയുന്നതോടെ നിയമക്കുരുക്കിലേക്ക് എത്തിക്കും.
ഗള്‍ഫ് കറന്‍സികള്‍ക്ക് മികച്ച വിനിമയ നിരക്ക് ലഭിച്ച 2013ല്‍ നാട്ടിലേക്ക് പണമയച്ച ചിലര്‍ ഇപ്പോഴും ഗള്‍ഫില്‍ അഴിയെണ്ണുന്നുണ്ട്. അതുകൊണ്ട് തന്നെ ആവേശം കാണിച്ച് റിസ്കെടുക്കേണ്ട. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നാട്ടിലേക്ക് അയക്കുന്നവരും കുറവല്ല. ഇതിന് പലിശ വളരെ കൂടുതലാണ്. വാര്‍ഷിക പലിശ 36 ശതമാനം വരെയെത്താം. ഇങ്ങനെ പണം കൈവശപ്പെടുത്തുന്നവര്‍ തിരിച്ചടവിനുള്ള മാര്‍ഗം കൂടി കണ്ടെത്തണം. 12 ശതമാനത്തോളം മൂല്യത്തകര്‍ച്ചയാണ് ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇത് ഉപയോഗപ്പെടുക്കാന്‍ കടം വാങ്ങി പണം അയക്കുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല.
പണം എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ഏറ്റവും നല്ലത്. ആവശ്യം വന്നാല്‍ തിരിച്ചെടുക്കുകയും ചെയ്യാം. നാട്ടിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് വരുമാനം കുറയ്ക്കാനേ ഇടവരുത്തൂ എന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.

