റിയാദ്: സ്വന്തം പൗരന്മാർക്ക്​ സൗദി അറേബ്യയിൽ പോകാൻ ഇസ്രായേൽ അനുമതി നൽകിയെങ്കിലും സൗദി അതിന്​ സമ്മതിക്കുന്നില്ല. ഇസ്രായേൽ പാസ്‌പോർട്ടുള്ളവർക്ക് സൗദിയിൽ പ്രവേശന വിലക്ക്​ നിലനിൽക്കുന്നതായി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

ഹജും ഉംറയും നിർവഹിക്കുന്നതിനും വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിനും സൗദിയിലേക്ക് പോകാൻ പൗരന്മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രായേൽ ആഭ്യന്തര മന്ത്രാലയം രണ്ട്​ ദിവസം മുമ്പാണ്​ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. സൗദിയുടെ ഇസ്രായേൽ നയത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഇസ്രായേൽ പാസ്‌പോർട്ടുള്ളവർക്ക് നിലവിൽ സൗദിയിലേക്ക്​ കടക്കാനാവില്ലെന്നും വിദേശമന്ത്രി വ്യക്തമാക്കി.

ഇസ്രായേലുമായുള്ള സൗദിയുടെ ബന്ധം ഫലസ്തീനികളുമായി സമാധാന കരാർ ഒപ്പുവെക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനെ സൗദി പ്രോത്സാഹിപ്പിക്കുന്നു. ഇസ്രായിലികളും ഫലസ്തീനികളും സമാധാന
കരാർ ഒപ്പുവെക്കുന്ന പക്ഷം മേഖലാ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യും. പശ്ചിമേഷ്യൻ സംഘർഷത്തിന് നീതിപൂർവകമായ പരിഹാരം കാണുന്നതിന് നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി ഇനിയും പിന്തുണക്കും.

നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ഫലസ്തീനികൾക്ക് ലഭ്യമാക്കി പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരമുണ്ടാവുക എന്നതാണ് സൗദിയെ സംബന്ധിച്ചിടത്തോളം പ്രധാനം. ഈ ലക്ഷ്യത്തോടെ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി പിന്തുണക്കുമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.