റിയാദ്: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ സൗദി വിചാരണ തുടങ്ങി. റിയാദ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. പതിനൊന്ന് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള നിർണ്ണായക തെളിവുകൾക്കായി തുർക്കിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രോസിക്ക്യൂട്ടർ കോടതിയെ അറിയിച്ചു.

കേസിന്റെ വിചാരണ തുർക്കിയിലേക്ക് മാറ്റണമെന്ന തുർക്കിയുടെ ആവശ്യം സൗദി നേരെത്തെ തള്ളിയിരുന്നു.സൗദിയിൽ അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ തുർക്കിയുമായി പങ്കുവെക്കുന്നില്ലെന്ന് തുർക്കി വിദേശകാര്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു. അതേ സമയം സൗദിയിൽ നടക്കുന്ന വിചാരണയുടെ സുതാര്യതയെ ചോദ്യം ചെയ്തു കൊണ്ട് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. 

സംഭവത്തെക്കുറിച്ച രാജ്യാന്തര സഹകരണത്തോടെയുള്ള സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നാണ് ഐക്യരാഷ്ട്രസഭ യുടെ നിലപാട്. ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്.