റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം ഒരുക്കുന്നു. ഡിജിറ്റല്‍ മ്യൂസിയങ്ങള്‍ക്ക് രൂപകല്‍പന ചെയ്യുന്നതില്‍ വിദഗ്ധരായ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ജപ്പാനീസ് സംഘമായ 'ടീം ലാബു' മായി സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയമാണ് ഏറെ പുതുമകളോട് കൂടിയ മ്യൂസിയം ഒരുക്കാന്‍ പോകുന്നത്. ടീം ലാബുമായുള്ള 10 വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണിത്. 2023 ഓടെ മ്യൂസിയം സ്ഥാപിക്കും.

ആധുനിക സാങ്കേതിക വിദ്യകളും സോഫ്റ്റ്വെയറുകളും ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് വിത്യസ്തമായ അനുഭവം പകരുന്ന പുതുമകളേറെയുള്ള മ്യൂസിയങ്ങളും സംവേദനാത്മക പ്രദര്‍ശനങ്ങളും ഒരുക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടവരാണ് ടീം ലാബ്. ടോക്കിയോവിലും ഷാങ്ഹായിലും ടീം ലാബ് സ്ഥാപിച്ച രണ്ട് പ്രധാന മ്യൂസിയങ്ങള്‍ ആഗോള തലത്തില്‍ അറിയപ്പെട്ടിട്ടുണ്ട്. ലോകാടിസ്ഥാനത്തില്‍ പ്രത്യേക മ്യൂസിയങ്ങളിലെത്തുന്ന സന്ദര്‍ശകരുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഈ രണ്ട് മ്യൂസിയങ്ങള്‍ക്കും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുമ്പ് എവിടെയും അവതരിപ്പിച്ചിട്ടില്ലാത്ത പുതുമയാര്‍ന്ന പ്രത്യേക ഡിസൈനിലായിരിക്കും ജിദ്ദയിലെ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം. ഇതിനായി പ്രത്യേക സാങ്കേതിക വിദ്യകള്‍ രൂപകല്‍പന നടത്തും. ശാസ്ത്രവും കലയും സംയോജിപ്പിച്ചുള്ള സവിശേഷമായ യാത്ര കുട്ടികള്‍ക്ക് മാത്രമായുള്ള വിഭാഗത്തിലുണ്ടാകും.

ഏറ്റവും നൂതനവും അന്താരാഷ്ട്ര നിലവാരവുമുള്ള കലാപരമായ സംഭവങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മ്യൂസിയം സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്നത്. കൂടുതലാളുകള്‍ കാണാം പിന്നീട് റിയാദിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. 2019 മാര്‍ച്ചില്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിച്ച ആദ്യ സംരംഭങ്ങളിലൊന്നാണ് നൂതന സാേങ്കതിക വിദ്യയിലും പുതുമയാര്‍ന്ന ആര്‍ട്ടുകളോടും കൂടിയ പ്രത്യേക മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയെന്നത്.