റിയാദ്: വലിയ പെരുനാളിനും സൗദിയിൽ ജവാസാത് ഓഫീസുകൾ പ്രവർത്തിക്കുമെന്ന് ഡയറക്‌ട്രേറ്റ് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാലു ദിവസമാണ് പെരുനാൾ അവധി. ഓൺലൈൻ സേവന പോർട്ടലായ അബ്ഷിർ വഴി പൂർത്തിയാക്കാൻ കഴിയാത്ത അടിയന്തിര ജോലികൾ വലിയ പെരുനാൾ അവധി ദിവസങ്ങളിൽ ജവാസാത് ഓഫീസുകൾ വഴി പൂർത്തിയാക്കാം.

ഇത്തവണ സർക്കാർ ജോലിക്കാർക്ക് 16 ദിവസം വലിയ പെരുനാൾ അവധി ലഭിക്കും. നാളെ മുതൽ സർക്കാർ ജീവനക്കാർക്ക് അവധിയാണ്. സ്വകാര്യ മേഖലയിൽ ജൂലൈ 30 മുതൽ നാല് ദിവസമാണ് അവധി. അതേസമയം, സൗദി അറേബ്യയിൽ കൊവിഡ് 19 രോഗമുക്തി നിരക്ക് 82 ശതമാനമായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിലെ 82 ശതമാനവും സുഖം പ്രാപിച്ചു. ആകെ 260394 രോഗികളിൽ  213490 പേരാണ് രോഗമുക്തി നേടിയത്. 3092 പേരാണ്  ഇന്ന് മാത്രം  രോഗമുക്തി നേടിയിട്ടുള്ളത്. അതേസമയം  2,238 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 

രാജ്യത്തെ വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44269 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ 2170 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളിലായി 34 പേർ മരിച്ചു. റിയാദ്, ജിദ്ദ, മക്ക, മദീന, ഖത്വീഫ്, മുബറസ്, ഹാഇൽ, ഹഫർ അൽബാത്വിൻ, മഹായിൽ, ബീഷ, സകാക,  അൽബാഹ, ഹുത്ത സുദൈർ എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച 57372 ടെസ്റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന  ടെസ്റ്റുകളുടെ എണ്ണം 2894426 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. മക്ക ഒഴികെയുള്ള പുണ്യസ്ഥലങ്ങളില്‍ അനുമതി പത്രമുള്ളവര്‍ക്ക് മാത്രം പ്രവേശനം.