ഷാര്‍ജ: ബജറ്റ് എയര്‍ലൈനായ ജെറ്റ് എയര്‍വേയ്സ് യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാവാതെ വന്നതോടെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി നിലനില്‍പ്പിനുള്ള സാധ്യതകള്‍ ജെറ്റ് എയര്‍വേയ്സ് തേടുന്നത്. യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ കമ്പനി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തുന്നുവെന്ന അറിയിപ്പ് വന്നത്.

നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരു തവണ സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനും അവസരം നല്‍കും. നേരിട്ട് വിമാനമില്ലെങ്കില്‍ ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ വഴിയുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.