3,000 റിയാൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടാണ് മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രമാക്കിയുള്ള ഒരു ട്രാവൽ ഏജൻസി മുഖേന റിയാദിലേക്ക് പുറപ്പെട്ടത്.
റിയാദ്: റിയാദിലെ ഒരു സ്വകാര്യ മാൻ പവർ കമ്പനിയിൽ ഡോർ ഡെലിവറി ഡ്രൈവർമാരായി ജോലിക്കെത്തിയ മലയാളികളായ 11 തൊഴിലാളികൾ നാലഞ്ച് മാസത്തെ ദുരിതപൂർണമായ ദിവസങ്ങൾ കഴിച്ചുകൂട്ടി നാട്ടിലേക്ക് മടങ്ങി. അനിശ്ചിതത്തത്തിന്റെയും നിർഭാഗ്യത്തിന്റെയും കയ്പുനീർ കുടിച്ചാണ് ആ ഹതഭാഗ്യർ സൗദി വിട്ടത്.
പ്രിയപ്പെട്ടവരുടെ സ്വർണവും കെട്ടുതാലിയുമടക്കം വിറ്റും പണയപ്പെടുത്തിയുമാണ് സ്വപ്നഭൂമിയിലേക്ക് പറന്നിറങ്ങിയത്. എന്നാൽ വാഗ്ദാനം ചെയ്ത ജോലിയോ പകരം സംവിധാനങ്ങളോ ലഭിക്കാതെ അവർ അഞ്ചുമാസക്കാലം പെരുവഴിയിലായി. ഒടുവിൽ ഇന്ത്യൻ എംബസിയുടെയും സാമൂഹിക സംഘടനകളുടെയും സഹായം കൊണ്ടാണ് ദുരിതക്കയം കടന്ന് നാട്ടിലേക്ക് അവർ പോയത്.
3,000 റിയാൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടാണ് മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രമാക്കിയുള്ള ഒരു ട്രാവൽ ഏജൻസി മുഖേന റിയാദിലേക്ക് പുറപ്പെട്ടത്. പുതുതായി തുടങ്ങുന്ന ഒരു ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി നൽകുമെന്നാണ് നാട്ടിൽ നിന്നും പറഞ്ഞത്. എന്നാൽ ഇവിടെയെത്തിയപ്പോൾ ജോലിയും കൂലിയുമില്ലാത്ത അവസ്ഥയായിരുന്നു. ശോചനീയമായ ഒരു താമസ സ്ഥലവും വല്ലപ്പോഴും ലഭിക്കുന്ന ‘ദാലും റൊട്ടി’യുമായിരുന്നു അവരുടെ ഭക്ഷണം.
ചില സാമൂഹിക പ്രവർത്തകർ ഈ ക്യാമ്പിൽ ഇടക്ക് ഭക്ഷണമെത്തിച്ചത് അവർക്ക് ഏറെ ആശ്വാസമായിരുന്നു.
Read Also - സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം
സാമൂഹികപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് എംബസിയിൽ പരാതി നൽകുകയും തുടർന്ന് ഇന്ത്യൻ എംബസി അവരുടെ തിരിച്ചുപോക്കിനുള്ള സംവിധാനം ഒരുക്കുകയുമായിരുന്നു. പ്രവാസി വെൽഫെയർ പ്രവർത്തകരായ നിഹ്മത്തുല്ല, ബഷീർ പാണക്കാട്, റിഷാദ് എളമരം, ശിഹാബ് കുണ്ടൂർ എന്നിവരാണ് അവസാന ഘട്ടംവരെ അവർക്ക് തുണയാവുകയും യാത്രാസംബന്ധമായ കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തത്. 11 പേർ ഇതിനകം നാട്ടിൽ എത്തിച്ചേർന്നതായി അവർ അറിയിച്ചു. നാട്ടിലെത്തിയാൽ ട്രാവൽസിനെതിരെ ‘നോർക്ക’യിലും പൊലിസിലും പരാതി നൽകുന്നതാണ്.
