എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ടേക്ക് ഓഫ്' എന്ന സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ സര്‍വീസ് ചാര്‍ജ് നല്‍കി ഗള്‍ഫിലെത്തിയവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ പ്രതിമാസ ശമ്പളവും സൗജന്യ താമസവും വാഗ്ദാനം ചെയ്തവര്‍ ദുബായിലെത്തിയപ്പോള്‍ മസാജ് കേന്ദ്രത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചതായി ഇവര്‍ പറയുന്നു, വിവരം പുറത്തു പറഞ്ഞാല്‍ ഇല്ലാതാക്കികളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ദുബൈ: കൊവിഡ് കാലത്തും ഗള്‍ഫുനാടുകളില്‍ തൊഴില്‍ വാഗ്ധാനം ചെയ്തുകൊണ്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പ് തുടരുന്നു. യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാനെന്ന പേരില്‍ എറണാകുളത്തെ സ്വകാര്യ ഏജന്‍സിയെത്തിച്ച അഞ്ഞൂറോളം മലയാളി നഴ്‌സുമാരാണ് ദുരിതമനുഭവിക്കുന്നത്. രണ്ടരലക്ഷത്തോളം രൂപമുടക്കി ഗള്‍ഫിലെത്തിയവരാണ് പ്രതിസന്ധിയിലായത്.

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വിമാനംകയറിയ അഞ്ഞൂറോളം മലയാളി നഴ്‌സുമാരാണ് ഒരുമാസത്തോളമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ദുരിത മനുഭവിക്കുന്നത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ടേക്ക് ഓഫ്' എന്ന സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ സര്‍വീസ് ചാര്‍ജ് നല്‍കി ഗള്‍ഫിലെത്തിയവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ പ്രതിമാസ ശമ്പളവും സൗജന്യ താമസവും വാഗ്ദാനം ചെയ്തവര്‍ ദുബായിലെത്തിയപ്പോള്‍ മസാജ് കേന്ദ്രത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചതായി ഇവര്‍ പറയുന്നു, വിവരം പുറത്തു പറഞ്ഞാല്‍ ഇല്ലാതാക്കികളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൊവിഡ് സാഹചര്യത്തില്‍ ഒറ്റമുറിയില്‍ പതിമൂന്നിലേറെപേര്‍ ഒരുമിച്ച് താമസിക്കേണ്ടുന്ന അവസ്ഥ. നാട്ടില്‍ പോയാല്‍ തുക തിരികെ തരാമെന്ന ഏജന്റുമാരുടെ വാക്കുവിശ്വസിച്ച് ഗള്‍ഫില്‍ നിന്ന് മടങ്ങിയവര്‍ക്കും ഇതുവരെ കാശ് കിട്ടിയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. ദുരിതത്തിലായ നഴ്‌സുമാര്‍ക്ക് സഹായ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇനിയുള്ള പ്രതീക്ഷകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona