കുവൈത്തിലെ അൽ-കൗട്ട് കോംപ്ലക്സ് ഫിഷ് മാർക്കറ്റിൽ അധികൃതർ നടത്തിയ സംയുക്ത പരിശോധനയിൽ 773 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു. നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്തു. കൂടാതെ ലഹരിയിലായിരുന്നവരെയും റെസിഡൻസി നിയമം ലംഘിച്ചവരെയും ഉദ്യോഗസ്ഥർ പിടികൂടി.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-കൗട്ട് കോംപ്ലക്സ് ഫിഷ് മാർക്കറ്റിലും നഖാ അൽ-ലൻജാത്തിലും അധികൃതർ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ 773 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സുരക്ഷാ നിരീക്ഷണ കാമ്പയിൻ സംഘടിപ്പിച്ചത്. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായി ആയിരുന്നു പരിശോധന നടത്തിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ദി എൻവയോൺമെന്റ്, എൻവയോൺമെന്റൽ പൊലീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 773 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുക്കുകയും ഇതിന് ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്ത് നിയമലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ ലഹരിയിലായിരുന്ന രണ്ട് പേരെയും റെസിഡൻസി നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന മറ്റ് രണ്ട് പേരെയും ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


