മനാമ: സമാധാന ഉടമ്പടി ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സഹകരണം ഉറപ്പാക്കുന്നതിനായി ബഹ്‌റൈന്‍, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ സെപ്തംബറില്‍ വാഷിങ്ടണില്‍ ഒപ്പുവെച്ച സമാധാന ഉടമ്പടിയുടെ ഭാഗമായാണ് മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഞായറാഴ്ച നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. 

വിദേശകാര്യ മന്ത്രാലയത്തിലെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുള്ള ബിന്‍ അഹ്മദ് ആല്‍ ഖലീഫ, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് താമര്‍ അല്‍ കാബി, വ്യവസായ, വാണിജ്യ ടൂറിസം മന്ത്രാലയത്തിലെ വാണിജ്യകാര്യ അണ്ടര്‍സെക്രട്ടറി ഇമാന്‍ അഹ്മദ് അല്‍ ദോസരി എന്നിവരാണ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്. 

വിവിധ മേഖലകളില്‍ ബഹ്‌റൈനും ഇസ്രോയേലും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന മേഖലകള്‍ തിരിച്ചറിയുന്നതും ചര്‍ച്ചയായി. ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ്  രാജ്യങ്ങളാണ് യുഎഇയും ബഹ്റൈനും. നേരത്തെ 1979ല്‍ ഈജിപ്‍ത്, ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 1994ല്‍ ജോര്‍ദാനാണ് ഇതിനുമുമ്പ് ഇസ്രയേലുമായി കരാര്‍ ഒപ്പുവെച്ചത്.