അങ്കാറ: മധ്യകാലഘട്ടത്തിലെ തുര്‍ക്കി സുല്‍ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ഒക്‌റ്റയ് കാന്‍ഡെമിറിനെയാണ് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തത്. 

ഓട്ടൊമന്‍ ചരിത്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തതായും വീട് റെയ്ഡ് ചെയ്‌തെന്നും കാന്‍ഡെമിറിനെ ഉദ്ധരിച്ച് 'അല്‍ അറേബ്യ ഇംഗ്ലീഷ്' റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ട വ്യക്തിയുടെ ഓര്‍മ്മകളെ അധിക്ഷേപിച്ചെന്ന കുറ്റമാണ് കാന്‍ഡെമിറിനെതിരെ ചുമത്തിയിരിക്കുന്നത്. തുര്‍ക്കി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നിര്‍മിച്ച ചരിത്ര നാടക പരമ്പരയെ കുറിച്ച് കാന്‍ഡെമിര്‍ സെപ്തംബര്‍ മൂന്നിന് പങ്കുവെച്ച ട്വീറ്റില്‍ 1280ല്‍ മരണപ്പെട്ട സുല്‍ത്താന്‍ എര്‍തുഗ്രുല്‍ ഖാസിയെ അധിക്ഷേപിച്ചെന്ന ആരോപണമാണ് അധികൃതര്‍ ഉന്നയിച്ചിട്ടുള്ളതെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിപിജെ(കമ്മറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ്) അറിയിച്ചു. 

ഒട്ടൊമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഒസ്മാന്റെ പിതാവാണ് ഖാസി. എന്നാല്‍ ടെലിവിഷന്‍ പരമ്പരയെ പരിഹസിക്കുക മാത്രമായിരുന്നു കാന്‍ഡെമിര്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും ചരിത്ര പുരുഷന്‍മാരെ അവഹേളിക്കുകയല്ലായിരുന്നെന്നും മീഡിയ ആന്‍ഡ് ലീഗല്‍ സ്റ്റഡീസ് അസോസിയേഷന്‍ പറഞ്ഞു. കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ കാന്‍ഡെമിറിന് രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍ തുര്‍ക്കിയില്‍ നീതിപൂര്‍വ്വമായ ഒരു വിചാരണ താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കാന്‍ഡെമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി 'അല്‍ അറേബ്യ ഇംഗ്ലീഷ്' റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. 

മാധ്യമപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്ന് കാന്‍ഡെമിര്‍ വ്യക്തമാക്കി. അതേസമയം കാന്‍ഡെമിറിന്റെ കമ്പ്യൂട്ടര്‍ തുര്‍ക്കി സര്‍ക്കാര്‍ പിടിച്ചെടുത്തു. രാജ്യം വിട്ട് പുറത്തുപോകുന്നതിന് ഇദ്ദേഹത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.