റിയാദ്: കർശന നിയന്ത്രണങ്ങൾക്കിടയിലും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റമദാനിലെ ആദ്യ ജുമുഅ നമസ്‍കാരം മക്കയിൽ നടന്നു. പുറത്തു നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചില്ല. ഹറം കാര്യാലയ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്. ഇതേ രീതിയിൽ മദീന പള്ളിയിലും ജമുഅ നമസ്കാരം നടന്നു. 

മക്ക ഹറമിൽ ജുമുഅ ഖുത്തുബക്കും നമസ്കാരത്തിനും ഡോ. സഊദ് ബിൻ ഇബ്രാഹീം അൽശുറൈമും മദീനയിൽ ഡോ. സ്വലാഹ് അൽബദീറും നേതൃത്വം നൽകി. റമദാൻ അതിഥിയായി മുമ്പിലെത്തിയിരിക്കുന്നെങ്കിലും സന്ദർഭം മുമ്പത്തെ പോലെയല്ലെന്നും മഹാമാരിയുടെ ഭീതിക്കിടയിലാണെന്നും മക്ക ഇമാം ഡോ. സഊദ് ബിൻ ഇബ്രാഹീം അൽശുറൈം പറഞ്ഞു. ദുഃഖവും ഉത്കണ്ഠയും നിറഞ്ഞതാണ് അന്തരീക്ഷം. ദൈവസ്മരണയും ആരാധനകളും ദാനധർമങ്ങളും ഖുർആൻ പാരായണവും പാപമോചന പ്രാര്‍ത്ഥനകളും വർധിപ്പിച്ച്, വന്നു ഭവിച്ച പ്രയാസങ്ങളിൽ നിന്ന് രക്ഷതേടി അകമഴിഞ്ഞു പ്രാർഥനയിൽ കഴിയേണ്ട മാസമാണിതെന്നും അദ്ദേഹം പറഞ്ഞു.