സലാല: കൈരളി സലാലയുടെ മുപ്പതാം വാർഷികാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം സലാല സുൽത്താൻ ഖാബൂസ് സ്പോട്സ് കോപ്ലക്സിൽ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നവോഥാന നായകരും സാമൂഹ്യ പരിഷ്കർത്താക്കളും തങ്ങളുടെ നിതാന്ത പരിശ്രമം കൊണ്ട് സമൂഹത്തിൽ നിന്നും തുടച്ചുനീക്കിയ ജാതി മത വർഗ്ഗീയ ചിന്തകൾ വീണ്ടും തിരിച്ചു കൊണ്ടുവരാനാണ് ചില രാഷ്ട്രീയ തൽപ്പരകക്ഷികൾ ശ്രമിക്കുന്നതെന്നും അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നാടകാചാര്യൻ കരിവെള്ളൂർ മുരളി അതിഥിയായിരുന്നു.  പ്രോഗ്രാം കൺവീനർ സി. വിനയകുമാർ അതിഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്തു സദസ്സിന്ന് പരിചയപ്പെടുത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻ പ്രീത് സിംഗ്,  ബേങ്ക് മസ്കറ്റ് സീനിയർ റീജ്യണൽ മാനേജർ യാസിർ സാലിം മുഹമ്മദ് തബൂക്ക്, ഒമാനി അൽ ബഹിജ ഓർഫനേജ്  സൊസൈറ്റി പ്രതിനിധി ആയിഷ അൽസരീഹി, കലാകാരൻ സുധൻ കൈവേലി, ലോക കേരളാ സഭാംഗം എ. കെ. പവിത്രൻ,  കൈരളി സലാലയുടെ സ്ഥാപകനേതാക്കളായ പി. പി. അബ്ദുൾറഹിമാൻ, എൻ. എഫ് ശശി എന്നിവരും അതിഥികളായിരുന്നു.

സലാലയിലെ എഴുത്തുകാരായ സുരേഷ് വാസുദേവ്, ബേബി ജോൺ താമരവേലി, ഡോ.സനാതൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അൽ ബഹിജ ഓർഫനേജ് സൊസൈറ്റിക്ക് വേണ്ടി കൈരളി സലാല നൽകിയ 10 വീൽ ചെയറുകൾ അൽ ബാഹിജ ഓർഫനേജ് സൊസേറ്റി പ്രതിനിധി ആയിഷ അൽ സരീഹിക്ക് കൈമാറി. കെരളി സലാല പ്രസിഡന്റ് കെ. എ. റഹിം അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ സിജോയ്, ഹേമാ ഗംഗാധരൻ എന്നിവര്‍ സംസാരിച്ചു.