വിജ്ഞാനകേരളം പദ്ധതിയിലൂടെ ഒരു ലക്ഷം പേർക്ക് ഗൾഫിലടക്കം വിദേശത്ത് തൊഴിലുറപ്പാക്കാൻ ശ്രമം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിലൂടെ യുവാക്കൾക്ക് ഗൾഫിലടക്കം വിദേശത്ത് തൊഴിലുറപ്പാക്കാൻ ശ്രമം. പദ്ധതിയുടെ ഭാഗമായി മുൻ ധനമന്ത്രി ഡോ തോമസ് ഐസകിന്റെ നേതൃത്തിലുള്ള സംഘം യുഎഇയിൽ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി. വർഷം ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കാനാണ് ശ്രമം.
കേരളത്തിലെ കോളേജുകളിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്ക് വിജ്ഞാനകേരളം പദ്ധതി തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നുണ്ട്. അവർക്ക് കാമ്പസ് പ്ലേസ്മെന്റ് മാതൃകയിൽ ഗൾഫിൽ തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. യുഎഇയിൽ മലയാളികളുടെ നേതൃത്വത്തിലുള്ളതും അല്ലാത്തതുമായ വലിയ വ്യവസായ സ്ഥാപനങ്ങളുമായാണ് ചർച്ച നടത്തിയത്. ഡോ. തോമസ് ഐസകിന് പുറമേ, മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിൻ തുടങ്ങിയവരാണ് യു.എ.ഇയിൽ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തിയത്.
നോർക്കയുടെ ഒഡെപെക് വഴി വർഷം രണ്ടായിരം പേർക്ക് തൊഴിൽ ലഭിക്കുന്നത്, ഒരു ലക്ഷമായി ഉയർത്താനാണ് ശ്രമമെന്നാണ് വിശദീകരണം. സർക്കാർ അംഗീകരിച്ച നൈപുണ്യ സർട്ടിഫിക്കറ്റുള്ളവരെ നിയമിക്കാൻ ഗൾഫിലെ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് ഡോ. പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു.
തൊഴിൽ തേടുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ജോബ് റെഡി എന്ന പ്ലാറ്റ്ഫോം തയാറാക്കും. എല്ലാ മാസവും തൊഴിൽ മേളകൾ നടത്തും. അടുത്തമാസം 12, 13 തീയതികളിൽ തൃശൂരിൽ ഗൾഫിലെ തൊഴിലവസരങ്ങൾ അവതരിപ്പിക്കുന്ന ഗൾഫ് ജോബ് ഫെയർ നടക്കും. എല്ലാ ആഴ്ചയും ഓൺലൈനിൽ തൊഴിൽ മേളയുണ്ടാകും. ആഗസ്റ്റ് 29, 30നും കൊച്ചി ബോൾഗാട്ടി ഹയാത്തിൽ അന്താരാഷ്ട്ര നൈപുണ്യ ഉച്ചകോടി. ഇതൊക്കെയാണ് വരാനിരിക്കുന്ന പരിപാടികൾ. സീനിയർ കൺസൾട്ടന്റ് ബിജു പരമേശ്വരൻ, കൺസൾട്ടന്റ് പ്രിൻസ് എബ്രഹാം എന്നിവരും സംഘത്തിലുണ്ട്.

