തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതായി സംസ്ഥാനത്തിന്റെ അന്വേഷണത്തിന് മറുപടി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുഎഇയിലെ പ്രവാസികള്‍ക്കുവേണ്ടി ക്വാറന്റൈന്‍ ക്യാമ്പ് ആരംഭിക്കുന്നതിനായി ദുബായ് ഹെല്‍ത്ത് അതോരിറ്റി കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി തുടങ്ങിയിട്ടുണ്ട്. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകും.  ദുബായ് ഭരണാധികാരികള്‍ അഭിനന്ദനാര്‍ഹമായ കാര്യമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഎഇ ഇന്ത്യന്‍ എംബസിയുമായും കോണ്‍സുലേറ്റ്  ജനറലുമായും നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കണമെന്ന് വിദേശത്തെ വിവിധ സാംസ്കാരിക, സാമൂഹിക, സന്നദ്ധ സംഘടനകളോടും സന്നദ്ധ പ്രവര്‍ത്തകരോടും നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിന് തടസങ്ങള്‍ നേരിട്ടിരുന്നു. ഇത് പരിഹാരിക്കാനായി മരുന്നുകള്‍ ഒരു പോയിന്റില്‍ ശേഖരിച്ച് അയക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.