തിരുവനന്തപുരം: പ്രവാസികൾക്ക് പണം കൊടുത്തുള്ള ക്വാറന്റീൻ സംവിധാനമൊരുക്കാനുള്ള തീരുമാനത്തിൽ, വ്യാപകമായ പ്രതിഷേധം കണക്കിലെടുത്ത് ഇളവ് വരുത്താൻ സംസ്ഥാന സർക്കാറിന്റെ ആലോചന. പണമില്ലാത്ത പ്രവാസികളോടുള്ള സർക്കാറിന്റെ അനീതിയാണിതെന്നാണ് പ്രതിപക്ഷ വിമർശനം. പണം സ്‍പോൺസർഷിപ്പ് വഴി കണ്ടെത്തി പെയ്ഡ് ക്വാറന്റീൻ സർക്കാറിനെതിരെ ആയുധമാക്കാനും പ്രതിപക്ഷ നീക്കമുണ്ട്.

പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ സർക്കാറിന്റെ വലിയ നയം മാറ്റമായാണ് പെയ്ഡ് ക്വാറന്റീൻ തീരുമാനത്തെ പൊതുവെ വിലയിരുത്തുന്നത്. മടങ്ങി വരുന്നവർക്കായി ഒന്നര ലക്ഷത്തിലേറെ കിടക്കകളും ഹോട്ടൽ മുറികളും സർക്കാർ മന്ദിരങ്ങളുമൊക്കെ തയ്യാറാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാറാണ് പൊടുന്നനെ ചുവടുമാറ്റിയത്.  വെറും 11,189 പേർ മാത്രം വന്നപ്പോഴുള്ള നിലപാട് മാറ്റം വലിയ വിവാദത്തിനാണ് ഇടയാക്കിയത്. 24ന് കേന്ദ്ര ആഭ്യന്തരമന്ത്രായലം ഇറക്കിയ മാർഗ്ഗനിർദ്ദേശത്തിൻറെ ചുവട് പിടിച്ചാണ് തീരുമാനമെന്ന് വിശദീകരിക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധിയും പ്രധാന കാരണമാണ്. 
പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇളവിനുള്ള നീക്കങ്ങൾ. നിർധനരായ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് വേണമെന്ന ചർച്ച മന്ത്രിസഭാ യോഗത്തിലുണ്ടായി . തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ക്വാറന്റീന്‍ ചെലവ് സ്‍പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്നത് യുഡിഎഫ് ആലോചിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു

പ്രവാസികൾക്ക് സാമ്പത്തിക സ്ഥിതി അനുസരിച്ച് 500 രൂപ മുതൽ 10,000 രൂപ വരെയുള്ള ഹോട്ടൽ മുറികൾ നിരീക്ഷണത്തിൽ കഴിയാനായി തെരഞ്ഞെടുക്കാമെന്ന നിലയിലാണ് സർക്കാർ തലത്തിലെ ചർച്ച. പെയ്ഡ് ക്വാറന്റീനിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനം ഉടൻ പുറത്തിറക്കും. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി ആശങ്കാജനകമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.