തിരുവനന്തപുരം: നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം. ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നും വരുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫേസ് മാസ്ക്കുമാണ് വേണ്ടത്. എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോകുകയായിരുന്നു. 

എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്നവർ എൻ 95 മാസ്ക്കും ഫേസ് ഷീൽഡും കയ്യുറയും ധരിക്കണം.ആന്‍റിബോഡി പരിശോധന നിലവിൽ ഉള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.ഖത്തറിൽ നിന്നുള്ളവർക്ക് എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കണം. 

ഇവിടെ എത്തുമ്പോൾ കൊവിഡ് പരിശോധന വേണം.കുവൈറ്റിൽ നിന്നും പരിശോധന ഇല്ലാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. പരിശോധനകളില്ലാതെ എത്താൻ കഴിയുമായിരുന്നു അവസാനദിവസമായ ഇന്നലെ 72 വിമാനങ്ങളിലായി 14058 പേരാണ് സംസ്ഥാനത്ത് എത്തിയത്. 

അതേ സമയം പ്രവാസി പ്രശ്നത്തിൽ യുഡിഎഫ് ഇന്ന് നിയോജകമണ്ഡലഅടിസ്ഥാനത്തിൽ ധർണ്ണ നടത്തും. ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിവരുന്നതിന് പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുക,. സര്‍ക്കാര്‍ പ്രഖാപിച്ച 5000 രൂപ എത്രയുംപെട്ടെന്ന് നല്‍കുക. 

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ. ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും പങ്കെടുക്കും.