Asianet News MalayalamAsianet News Malayalam

പ്രളയത്തിലെ സഹായമോർത്ത് പിണറായി, ദുഃഖം പങ്കുവച്ച് സതീശൻ, യഥാർത്ഥ നേതാവെന്ന് മമ്മൂട്ടി, വലിയ നഷ്ടമെന്ന് മോഹൻലാൽ

കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്

kerala political leaders and film actors condolence to uae president
Author
Thiruvananthapuram, First Published May 13, 2022, 11:29 PM IST

തിരുവനന്തപുരം: യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ - സാസ്കാരിക കേരളവും അതീവ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രമുഖ അഭിനേതാക്കളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി കേരളത്തിന്‍റെ രാഷ്ട്രീയ - സാസ്കാരിക രംഗത്തെ പ്രമുഖരെല്ലാം  അനുശോചനമറിയിച്ചു. യു എ ഇ പ്രസിഡന്‍റിന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചത്. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടെന്നും പിണറായി ഓർത്തു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഭരണത്തില്‍ വനിതകള്‍ക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും സതീശൻ കൂട്ടിച്ചേർത്തു. യു എ ഇ ക്ക് യഥാർത്ഥ ദർശനമുള്ള ഒരു നേതാവിനെ നഷ്ടമായെന്നായിരുന്നു മമ്മൂട്ടിയുടെ ട്വീറ്റ്. നികത്താനാവാത്ത നഷ്ടമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. വലിയ നഷ്ടമെന്നായിരുന്നു നടൻ മോഹൻലാലിന്‍റെ കുറിപ്പ്.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണ രൂപത്തിൽ

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. യു എ ഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ബിന്‍ സായിദ് വഹിച്ചിരുന്നത്. യു എ ഇ ലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ

 

പ്രതിപക്ഷ നേതാവിന്‍റെ കുറിപ്പ്

യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഭരണത്തില്‍ വനിതകള്‍ക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സര്‍ക്കാരിലെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്കു 30% പ്രതിനിധ്യം നല്‍കിയതും ഖലീഫ പുലര്‍ത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ശൈഖ് ഖലീഫയ്ക്ക്. യു.എ.ഇ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Follow Us:
Download App:
  • android
  • ios