തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കൊവിഡിനെ തുടർന്ന് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ രാജ്യങ്ങളിൽ, അതതിടങ്ങളിലെ നിബന്ധനകൾ കൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

രാവിലെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളിലുണ്ടായ ആശയകുഴപ്പം ഉത്തരവ് പുറത്തിറങ്ങിയതോടെ ഒഴിവായി. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പിലാക്കുക എന്നതായിരുന്നു ഇതിലെ പ്രധാന സംശയം. അതിനാണ് ഉത്തരവോടെ വ്യക്തത വന്നിരിക്കുന്നത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികൾ നാളെ മുതൽ തന്നെ നടപ്പിലാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്.

ഒമാനിൽ നിന്നും ബഹ്റിനിൽ നിന്നും മടങ്ങുന്നവർക്ക് എൻ95 മാസ്ക്, മുഖം മറയ്ക്കുന്നതിനുള്ള ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് തിരികെ വരുന്നവർക്ക്, അവിടെയുള്ള ഏഹ്ത്രാസ് ആപ്പിലെ അനുമതി മതിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യസേതു ആപ്പിന് സമാനമായതാണ് ഇത്. രോഗലക്ഷണം ഉള്ളവരെ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും.

അതേസമയം യുഎഇയിൽ നിന്ന് മടങ്ങുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. ഇതിന്റെ ഉപാധികൾ നൽകേണ്ട ബാധ്യത വിമാനക്കമ്പനികൾക്കാണ്. വിദേശത്ത് ടെസ്റ്റ്‌ നടത്താത്തവർക്ക് നാട്ടിൽ എത്തുന്ന വിമാനത്താവളത്തിൽ ആന്റി ബോഡി പരിശോധന നടത്തും.