ദുബായ്: കേരളത്തിൽ നിക്ഷേപം നടത്താൻ പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വനം . നിക്ഷേപം നടത്താൻ തയ്യാറാകുന്നവർക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകും. പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഉന്നതതല നിക്ഷേപ ഉപദേശക കൗൺസിൽ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായിയിൽ നടന്ന എൻ ആർ കെ എമർജിങ് എൻട്രെപ്രേണേർസ് മീറ്റിൽ ( നീം ) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് മീറ്റ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പുതിയ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രിപ്പറേറ്ററി മീറ്റിംഗ് നടത്തിയിരുന്നു. അതിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ചട്ടക്കൂടിന് മുന്‍ഗണന നല്‍കി സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന 'നീമി'ല്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.

ടൂറിസം, എയര്‍പോര്‍ട്, എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മരുന്നുകള്‍/മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിനായാണ് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ഒരു മാതൃ കമ്പനിയായി രൂപീകരിച്ചിട്ടുള്ളത്.