തിരുവനന്തപുരം: പ്രവാസികളുടെ മടക്കം സംബന്ധിച്ച് രജിസ്ട്രേഷനിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നോര്‍ക്ക നേരത്തെ നടത്തുന്ന രജിസ്ട്രേഷന് പുറമെ വിവിധ രാജ്യങ്ങളിലെ എംബസികളും രജിസ്ട്രേഷന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കേരളത്തിന്റെ ആവശ്യം. നിലവില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എംബസികളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട സാചര്യമുണ്ട്. ഇത് ഒഴിവാക്കണമെന്ന് കാണിച്ച് കേരളം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. നോർക്കയുടെ റജിസ്ട്രേഷൻ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിനും എംബസികൾക്കും നൽകാമെന്നും കേരളം അറിയിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ വരുന്നതിനായി നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നര ലക്ഷം കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം വരെ 201 രാജ്യങ്ങളില്‍ നിന്ന് 3,53,468 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യു.എ.ഇയിൽ നിന്നാണ്. 1,53,660 പേർ. സൗദി അറേബ്യയിൽ നിന്ന് 47,268 പേരും രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും  ഗൾഫ് നാടുകളിൽ നിന്നാണ്. യു.കെയിൽ നിന്ന് 2,112 പേരും  അമേരിക്കയിൽ നിന്ന്  1,895 പേരും ഉക്രൈയിനിൽ നിന്ന് 1,764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാത്തി. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ തുടരുന്നുവെന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി തലത്തില്‍ ബന്ധപ്പെടുന്നുണ്ട്. വിദേശകാര്യ മന്ത്രിയും ഗള്‍ഫിലെ ഭരണാധികാരികളുമായി നിരന്തരം സമ്പര്‍ക്കം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസികളുടെ രജിസ്ട്രേഷന് എംബസികൾ നടപടിയെടുക്കുകയാണ്. ചില ഗൾഫ് രാജ്യങ്ങൾ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവർത്തരുടെയും സേവനം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവും പരിശോധിച്ച് വരികയാണ്. ഒമാനിലെ സ്വദേശിവത്കരണം പുതിയ നടപടിയല്ലെന്നും ഇത് ഇന്ത്യക്കാരെ ലക്ഷ്യമാക്കിയുള്ള നടപടിയല്ലെന്നും വിദേശകാര്യ മന്ത്രാലയം  വിശദീകരിച്ചു. അതേസമയം ഇന്ത്യയിൽ കുടുങ്ങിക്കിടന്ന 60,000 വിദേശികളെ ഇതിനോടകം മടക്കിക്കൊണ്ടു പോകാൻ സൗകര്യം ഒരുക്കിയെന്നും വിദേശകാര്യവക്താവ് പറഞ്ഞു.