Asianet News MalayalamAsianet News Malayalam

മൂന്ന് വര്‍ഷം മുമ്പ് സൗദിയില്‍ കാണാതായ മലയാളി യുവാവ് തിരിച്ചെത്തി

വൈകുന്നേരം അഞ്ച് മണിക്ക് ഓഫീസിലേക്ക് പോയ സമീഹിനെ പിന്നെ കാണാതാവുകയായിരുന്നു. സുഹൃത്തിന്റെ കാറിലായിരുന്നു സമീഹ് പോയിരുന്നത്. രാത്രിയായിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷണം തുടങ്ങി. ഉച്ചയ്ക്ക് ശേഷം ഓഫീസിലെത്തിയിട്ടില്ലെന്ന് അവിടെ നിന്ന് വിവരം ലഭിച്ചു. സുഹൃത്തുക്കളാരും കണ്ടതുമില്ല.

keralaite youth ho went missing before three years reunited with family
Author
Riyadh Saudi Arabia, First Published Apr 11, 2020, 3:38 PM IST

റിയാദ്: മൂന്ന് വര്‍ഷം മുമ്പ് സൗദിയില്‍ വെച്ച് കാണാതായ മലയാളി യുവാവ് തിരിച്ചെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ അബ്ദുല്‍ ലത്തീഫ് - സക്കീന ദമ്പതികളുടെ മകന്‍ സമീഹാണ് റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സഫീറിനെ ഫോണില്‍ ബന്ധപ്പെട്ട ശേഷം തിരികെയെത്തിയത്. മൂന്ന് വര്‍ഷവും നാല് മാസവും നീണ്ട തെരച്ചിലിനൊടുവില്‍ സമീഹ് തിരികെയെത്തിയ സന്തോഷത്തിലാണ് ബന്ധുക്കള്‍.

റിയാദ് ബത്ഹയിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമീഹിനെ 2016 ഡിസംബര്‍ 13നാണ് കാണാതായത്. സന്ദര്‍ശക വിസയില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ക്കും സഹോദരന്‍ സഫീറിനുമൊപ്പം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം അഞ്ച് മണിക്ക് ഓഫീസിലേക്ക് പോയ സമീഹിനെ പിന്നെ കാണാതാവുകയായിരുന്നു. സുഹൃത്തിന്റെ കാറിലായിരുന്നു സമീഹ് പോയിരുന്നത്. രാത്രിയായിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷണം തുടങ്ങി. ഉച്ചയ്ക്ക് ശേഷം ഓഫീസിലെത്തിയിട്ടില്ലെന്ന് അവിടെ നിന്ന് വിവരം ലഭിച്ചു. സുഹൃത്തുക്കളാരും കണ്ടതുമില്ല. തനിക്ക് വഴിതെറ്റിപ്പോയെന്നും ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഓഫീസിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഇടയ്ക്ക് ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് പറഞ്ഞിരുന്നു.

പിന്നീട് ഫോണ്‍ ഓഫായി. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. റിയാദില്‍ നിന്ന് ദമ്മാം റൂട്ടില്‍ 25 കിലോമീറ്ററോളം സമീഹ് സഞ്ചരിച്ചതായി മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണത്തിന് പുറമെ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരും കുടുംബവുമൊക്കെ പലയിടങ്ങളിലും അന്വേഷിച്ചു. ഇതിനിടെ വിസാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങി.

സമീഹിനെ അന്വേഷിക്കാന്‍ സഹോദരന് സഫീറിന് ഒരു സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല. സൗദി രഹസ്യാന്വേഷണ വിഭാഗം, ഗവര്‍ണറേറ്റ്, ആശുപത്രികള്‍, ജയിലുകള്‍, പൊലീസ് സ്റ്റേഷനുകള്‍, അഭ്യന്തര മന്ത്രാലയം, എംബസി എന്നിവിടങ്ങളിലെല്ലാം സഹായം തേടിയെങ്കിലും ആര്‍ക്കും കണ്ടെത്താനായില്ല. ഔദ്യോഗിക രേഖകളിലും കാണ്‍മാനില്ലെന്ന വിവരമായിരുന്നു സമീഹിനെപ്പറ്റിയുണ്ടായിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി സഹോദരനെ സമീഹ് ബന്ധപ്പെട്ടത്. 

ബത്ഹയിലേക്ക് പോകുന്നതിനിടെ വഴി തെറ്റി ദമ്മാം റോഡിലെത്തുകയും അവിടെ വെച്ച് കവര്‍ച്ചക്കാരുടെ പിടിയിലാവുകയും ചെയ്തുവെന്നാണ് വിവരം. കവര്‍ച്ചാ സംഘം മരുഭൂമിയില്‍ കൊണ്ടുപോയി പണവും കാറും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ആദ്യം ഒരു ടെന്റില്‍ പാര്‍പ്പിക്കുകയും പിന്നട് അവിടെ നിന്ന് ഒരു മസറയില്‍ (കൃഷി സ്ഥലം) എത്തിച്ചേരുകയും ചെയ്തു. അവിടേക്ക് വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ വഴിയാണ് സഹോദരനെ ബന്ധപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു ഇത്. തുടര്‍ന്ന് രാവിലെയോടെ മുറിയില്‍ എത്തിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios