അറബ് ലോകത്ത് പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇസിന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് യുഎഇ 47-ാം ദേശീയ ദിനം ആഘോഷിച്ചപ്പോഴും ദേശീയ പതാകയേന്തിയ ഇസിന്റെ ചിത്രം  പത്രങ്ങളില്‍ അച്ചടിച്ചുവന്നു. 

അജ്മാന്‍: അറബ് ലോകത്ത് പരസ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ബാലനെ കണ്ടിട്ടില്ലാത്ത പ്രവാസികളുണ്ടാവില്ല. ഇസിന്‍ ഹാഷ് - പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച് 'അറബി കുട്ടി'യായി തന്നെ പ്രത്യക്ഷപ്പെടുന്ന ഈ ആറ് വയസുകാരന്റെ പേര് അങ്ങനെയാണ്. കൗതുകമുണര്‍ത്തുന്ന കാര്യം അതൊന്നുമല്ല, യുഎഇകാരൊക്കെ അറബി കുട്ടിയായി കരുതുന്ന ഇസിന്‍ സാക്ഷാല്‍ മലയാളിയാണ്.

അറബ് ലോകത്ത് പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇസിന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് യുഎഇ 47-ാം ദേശീയ ദിനം ആഘോഷിച്ചപ്പോഴും ദേശീയ പതാകയേന്തിയ ഇസിന്റെ ചിത്രം പത്രങ്ങളില്‍ അച്ചടിച്ചുവന്നു. ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊക്കെ അറബികളുടെ ഹൃദയം കവരാന്‍ ഇസിനെ വേണം. മലയാളിയാണെങ്കിലും അറബി കുട്ടികളോടുള്ള രൂപ സാദൃശ്യമാണ് ഇസിന് അനുഗ്രഹമായത്. ഇന്ന് യുഎഇയില്‍ ഏറ്റവും ഡിമാന്റുള്ള കുട്ടി മോഡലാണ് ഇവന്‍.

അജ്‍മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ കെ.ജി 2 വിദ്യാര്‍ത്ഥിയാണ് ഇസിന്‍. രണ്ട് വയസുള്ളപ്പോള്‍ മുതല്‍ സ്റ്റൈലായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങിയ ഇസിന്റെ കഴിവുകള്‍ മാതാപിതാക്കള്‍ തന്നെയാണ് തിരിച്ചറിഞ്ഞത്. അച്ഛന്റെ ഐഫോണിനായി കരയുന്ന ഇസിന്റെ വീഡിയോ പ്രവാസികള്‍ക്കിടയില്‍ വൈറലായിരുന്നു. പിന്നീടാണ് അച്ഛന്‍ ഹാഷ് ജവാദ് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടുകള്‍ക്ക് ഇസിനെയും കൂടെക്കൂട്ടി. പൊഫഷനല്‍ പരസ്യ ഏജന്‍സുകളുമായി ബന്ധം സ്ഥാപിച്ചതോടെയാണ് വന്‍ ബ്രാന്‍ഡുകള്‍ ഇസിനെ തേടിയെത്തിയത്.

അറബി കുട്ടിയുടെ വേഷമാണ് ഇസിന്റെ പരസ്യങ്ങളില്‍ ഭൂരിപക്ഷവും. എന്നാല്‍ ഫുട്ബോള്‍ ഇതിഹാസങ്ങളായ മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനും ലിവർപൂൾ ക്യാപ്റ്റനുമായിരുന്ന സ്റ്റീവൻ ജറാഡിനേയും ഗാരി മക്കലിസ്റ്റെറിനെയും ഇന്റര്‍വ്യൂ ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ഇസിനായിരുന്നു. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. ലിവര്‍പൂള്‍ ഫാന്‍ ക്ലബ്‍സിന്റെ ഈ വീഡിയോ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കാണ് റിലീസ് ചെയ്തത്. 

വാര്‍ണര്‍ബ്രോസ്, ലിവര്‍പൂള്‍, ഡു, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഐകിയ, സെന്റര്‍പോയിന്റ്, ഹോം സെന്റ്, ജാഗ്വാര്‍ വേള്‍ഡ്, നിസാന്‍ പട്രോള്‍, ടോട്ടല്‍, പീഡിയഷുവര്‍, റെഡ് ടാഗ് എന്നിങ്ങനെ നിരവധി പരസ്യങ്ങളില്‍ ഇപ്പോള്‍ ഇസിനെ കാണാം. ദുബായ് ടൂറിസം, അബുദാബി ഗവണ്‍മെന്റ്, ദുബായ് സമ്മര്‍ സര്‍പ്രൈസ് തുടങ്ങിയ സര്‍ക്കാര്‍ പരസ്യങ്ങളിലുമുണ്ട് ഇസിന്‍. സൗദി എനര്‍ജി എഫിഷ്യന്‍സിയുടേതുള്‍പ്പെടെയുള്ള പരസ്യങ്ങളില്‍ സൗദി ബാലനായും വേഷമിട്ടു. ഷൂട്ടിലും മറ്റും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കുന്നതിനാല്‍ പരസ്യ നിര്‍മ്മാതാക്കള്‍ക്കൊക്കെ ഇസിനെ വളരെ ഇഷ്ടമാണെന്ന് അമ്മ നസീഹയും പറയുന്നു.

കടപ്പാട്: ഗള്‍ഫ് ന്യൂസ്