ദമ്മാമിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സമീപം ഒരു സ്ത്രീ സ്വയം സംസാരിച്ചു കൊണ്ട് അലഞ്ഞു നടക്കുന്നതായ വിവരം നവയുഗം ജീവകാരുണ്യവിഭാഗത്തിന് ലഭിച്ചതിനെത്തുടര്‍ന്ന്, ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണികുട്ടന്റെ നേതൃത്വത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ അവിടെയെത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു.

റിയാദ്: മാനസികനില തകരാറിലായി സൗദി അറേബ്യയിലെ തെരുവില്‍ അലഞ്ഞ ഇന്ത്യന്‍ വീട്ടുജോലിക്കാരിക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ദമ്മാമില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഒളിച്ചോടി തെരുവില്‍ അലഞ്ഞ ആന്ധ്രാപ്രദേശ് ഗോര്‍ള്വാവാന്ഡല പള്ളി സ്വദേശിനി ദില്‍ഷാദ് ബീഗമാണ് ദമ്മാമിലെ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.

ദമ്മാമിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സമീപം ഒരു സ്ത്രീ സ്വയം സംസാരിച്ചു കൊണ്ട് അലഞ്ഞു നടക്കുന്നതായ വിവരം നവയുഗം ജീവകാരുണ്യവിഭാഗത്തിന് ലഭിച്ചതിനെത്തുടര്‍ന്ന്, ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണികുട്ടന്റെ നേതൃത്വത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ അവിടെയെത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ എംബസ്സിയില്‍ വിവരം അറിയിച്ച ശേഷം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ദില്‍ഷാദ് ബീഗത്തെ ഹാജരാക്കി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു. അവരുടെ മാനസികനില മനസ്സിലാക്കിയ അഭയകേന്ദ്രം അധികൃതര്‍ ദില്‍ഷാദ് ബീഗത്തെ മഞ്ജുവിന്റെ കൂടെ അയച്ചു. ഒരു മാസത്തോളം അവര്‍ മഞ്ജുവിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു. ആ കുടുംബത്തിന്റെ പരിചരണം അവരുടെ മാനസിക നിലയില്‍ ഏറെ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞു.

നവയുഗം ജീവകാരുണ്യവിഭാഗം ജവാസാത്ത് അധികൃതരുമായി ബന്ധപ്പെട്ട് ദില്‍ഷാദ് ബീഗത്തിന്റെ സ്പോണ്‍സറെ വിളിപ്പിച്ചു സംസാരിച്ചു. അവസ്ഥ മനസ്സിലാക്കിയ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തയ്യാറായി. മഞ്ജുവിന്റെ അഭ്യര്‍ത്ഥന അനുസരിച്ചു വെസ്‌കോസ ജീവനക്കാരനായ അനീഷ് വിമാനടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു. ദില്‍ഷാദ് ബീഗത്തിന്റെ കൊറോണ പി.സി.ആര്‍ ടെസ്റ്റ് അടക്കമുള്ള നടപടികളും നവയുഗം ജീവാകാരുണ്യവിഭാഗം പൂര്‍ത്തിയാക്കി. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദില്‍ഷാദ് ബീഗം നാട്ടിലേയ്ക്ക് മടങ്ങി.

(ഫോട്ടോ: മഞ്ജു (ഇടത്) ദില്‍ഷാദ് ബീഗത്തിനൊപ്പം)