റിയാദ്​: റോഡ്​ മുറിച്ചുകടക്കുന്നതിനിടയിൽ വാഹനം ഇടിച്ച്​ മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയിലായിരുന്നു അപകടം. മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ സ്വദേശി വലിയ പീടികക്കൽ അബ്​ദുറഹീം (35) ആണ് മരിച്ചത്. അൽബാഹ റോഡിൽ അബഹയിൽ നിന്നും 200 കിലോമീറ്റർ അകലെ സബ്ത് അൽഅലായ എന്ന സ്ഥലത്താണ് സംഭവം. 

തിങ്കളാഴ്ച രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗന്റെ വാഹനം വന്നിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ് തത്സമയം തന്നെ മരണം സംഭവിച്ചു. 14 വർഷമായി പ്രവാസിയായ അബ്‍ദുറഹീം ജിദ്ദയിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സ്കൂൾ അവധി ആയതിനാൽ സ്‌പോൺസറുടെ ജന്മനാടായ സബ്‍തു അൽഅലായയിൽ മൂന്ന് ദിവസം മുമ്പാണ് എത്തിയത്. സ്‌പോൺസർക്ക് മരുന്ന് വാങ്ങാനായി ടൗണിൽ വാഹനം നിർത്തി മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. 

പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: ആയിഷ, ഭാര്യ: ഷബ്‌ന ഷെറിൻ, മക്കൾ: ദിയ ഫർഷ (അഞ്ച്), റൂഹ (രണ്ട്). സഹോദരങ്ങൾ: റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭർത്താക്കന്മാർ: മുസ്തഫ, അയ്യൂബ്, റഫീഖ്. സബ്​ത്​ അൽഅലായ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം അലായ പ്രസിഡൻറ്​ നാസർ നാട്ടുകൽ രംഗത്തുണ്ട്.