കുവൈത്ത്: കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കിൽ നഴ്സായിരുന്ന ആനി മാത്യു ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഗള്‍ഫില്‍ ആകെ മരണം 602ആയി. 112,618പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുമണിക്കൂറിനിടെ 534 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് തുടരുകയാണ്. വന്ദേ ഭാരത് ദൗത്യത്തിന്‍റെ ആദ്യഘട്ടത്തിലെ അവസാന വിമാനം ഇന്ന് സൗദിയിലെ ജിദ്ദയില്‍ നിന്ന് കൊച്ചിയലേക്ക് പുറപ്പെടും. വൈകിട്ട് 4 മണിക്ക് യാത്രപുറപ്പെടുന്ന വിമാനം രാത്രി 8 മണിക്ക് നെടുമ്പാശേരിയിലെത്തും. 

എന്നാൽ കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും സൗദിയിൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി. ഏപ്രിൽ 26 ന് പ്രഖ്യാപിച്ച ഇളവ് അവസാനിക്കാനിരിക്കെയാണ് മെയ് 22 വരെ നീട്ടിയത്. എന്നാൽ നിയന്ത്രണങ്ങളോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ പുറത്തിറങ്ങുന്നതടക്കം നിലവിലുള്ള ഇളവുകളെല്ലാം മെയ് 22 വരെ തുടരും.