മിഷിഗണ്‍: യുഎസില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോര്‍ജാണ്(35) മരിച്ചത്. ഷിക്കാഗോയിലെ ഒഹാരെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷിക്കാഗോ പൊലീസിന് അപകട വിവരം ലഭിക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രത്യേക ഉപകരണങ്ങളുള്ള വാഹനമാണ് ജിജോയെ ഇടിച്ചതെന്നാണ് വിവരം. ഹാംഗര്‍ 764ല്‍ എയര്‍ക്രാഫ്റ്റ് ഡ്രൈവബിള്‍ പുഷ്ബാക്ക് ഉപകരണം ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.  അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

വിമാനത്താവളത്തില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസറക്ഷന്‍ മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും 3.50ഓടെ മരണം സ്ഥിരീകരിച്ചു. ആനി ജോസാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ജിജോയുടെ പിതാവും മാതാവും ഷിക്കാഗോയിലാണ് താമസം.