മസ്‌കറ്റ്: ഒമാനിലെ മലയാളികളായ ഓരോ പ്രവാസിക്കും ജന്മം നല്‍കിയ നാട് പോലെ തന്നെയാണ് അന്നം നല്‍കുന്ന നാടും. അത് ഒരിക്കല്‍ കൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് ഒമാനിലെ പ്രവാസി മലയാളികളുടെ  കൂട്ടായ്മയായ 'മസ്‌ക്കറ്റ് കൊക്കോ ആര്‍ട്ട്സ്. ഒമാന്റെ അന്‍പതാം ദേശീയ ദിനത്തോട് അനുബന്ധിച്ച് 'മസ്‌ക്കറ്റ് കൊക്കോ ആര്‍ട്ട്സ് പുറത്തിറക്കിയ 'നമസ്‌തേ ഒമാന്‍' എന്ന മലയാള ആല്‍ബം പ്രവാസികള്‍ക്കിടയില്‍ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. 

ആധുനിക ഒമാനിന്റെ ശില്‍പിയും,കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഒമാന്‍ ദേശത്തെ മുഴുവനും പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത് കാലയവനികക്കുള്ളില്‍ മറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ ദീഘവീക്ഷണത്തെ അനുസ്മരിപ്പിക്കുന്ന സന്ദേശമാണ് 'നമസ്‌തേ ഒമാന്‍' എന്ന ഈ സംഗീത ആല്‍ബത്തിലൂടെ പറയുന്നത്. മറ്റു ഗള്‍ഫു രാജ്യങ്ങളുമായുമുള്ള ഐക്യവും, അതിനപ്പുറത്തേക്കും സമാധാനത്തിന്റെ ദീപസ്തംഭമായി നില കൊള്ളുകയും ഈ വര്‍ഷമാദ്യം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉള്ളില്‍ തീരാമുറിവുനല്‍കി നാടുനീങ്ങിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ ബുസൈദിയോടുള്ള അകമഴിഞ്ഞ നന്ദി അറിയിക്കുന്നതിനും ഈ ആല്‍ബത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രവാസ ലോകത്തെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ടാണ് ഈ ആല്‍ബത്തിന്റെ പണി പൂര്‍ത്തിയാക്കിയെടുത്തത്. ഒമാന്‍ സ്വദേശികളുടെ സഹകരണവും ഈ ആല്‍ബത്തിന്റെ പൂര്‍ത്തീകരണത്തിന് സഹായകമായെന്ന്   പ്രൊഡ്യൂസര്‍ ഷെബി വര്‍ഗീസ് പറഞ്ഞു. ജാതി,മത ഭേദമെന്യേ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ ബഹുമാനം നല്‍കുന്ന ഒമാന്‍ ഭരണകൂടത്തിന്റെ ഭരണ ശൈലിയെയും ആല്‍ബത്തിലുടനീളം പ്രകീര്‍ത്തിച്ചിട്ടുണ്ട്.

മൂന്ന് ഒമാന്‍ സ്വദേശികളായ കുട്ടികള്‍, ഫിലിപ്പിനോ , പാക്കിസ്ഥാനികള്‍ എന്നിങ്ങനെ വിവിധ രാജ്യത്ത പ്രവാസികള്‍ ഉള്‍പ്പെടെ 52 ഓളം പേരാണ് ഈ ആല്‍ബത്തില്‍ പങ്കെടുത്തിട്ടുള്ളത്. രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്  ഷെജിനും, സംഗീത സംവിധാനം ശബ്ദ മിശ്രണം എന്നിവ ദിലീപ് സേവ്യറും, ഛായഗ്രഹണം ബദര്‍ അല്‍ റാഷിദി, അനിദാസ്, ജില്‍സ് ജോസഫും, രൂപകല്‍പന എഡിറ്റിംഗ് എന്നിവ അജയ് ദാസും, സിജോപോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഷെജി വര്‍ഗീസ് , ദീപ്തി അനൂപ് , സോണിയ ജില്‍സ്, ഡാനിഷ് സി.പി,  ജോയ് .കെ. എന്നിവരാണ് സംഗീതം ആലപിച്ചിരിക്കുന്നത്. കൊവിഡ്  19 വ്യാപനം രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍, രോഗ  പ്രതിരോധ സുരക്ഷാ നടപടികള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് തന്നെയാണ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയതെന്നും പ്രൊഡ്യൂസര്‍ ഷെബി വര്‍ഗീസ് പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസിന്റെ ദീര്‍ഘവീഷണവും, പുരോഗമന ചിന്താഗതിയും,സഹിഷ്ണുതയും പിന്തുടരുന്ന ഒമാന്റെ ഇന്നത്തെ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖിന് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ടുമാണ് ആല്‍ബം അവസാനിപ്പിച്ചിരിക്കുന്നത്.