റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ വടക്കന്‍ പ്രവിശ്യയായ അല്‍ഖസീമിലെ ബുറൈദയില്‍ നിര്യാതനായി. മലപ്പുറം മോങ്ങം, ഒളമതില്‍ പരേതനായ നെച്ചിയന്‍ മുഹമ്മദ് മുസ്ലിയാരുടെ മകന്‍ 
മോങ്ങം പുഞ്ചോല താമസിക്കുന്ന അബ്ദുല്‍ മജീദ് (45) ആണ് മരിച്ചത്.

12 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഏഴ് വര്‍ഷമായി ബുറൈദ അല്‍ബുസറിലെ സ്വകാര്യ മരുന്ന് മൊത്ത വിതരണ കമ്പനിയില്‍ ജീവനക്കാരനാണ്. രാവിലെ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സഹപ്രവര്‍ത്തകര്‍ ശിഫ ബുറൈദ മെഡിക്കല്‍ സെന്ററില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

ഭാര്യ: ശബ്‌ന. മക്കള്‍: ശഹലാ ബാനു, മുന്‍തഹ, മുഹമ്മദ് സിയാദ്. നാട്ടില്‍ പോയി വന്നത് ഒരു വര്‍ഷം മുമ്പാണ്. ഓഗസ്റ്റില്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ബുറൈദയില്‍ മറവു ചെയ്യുമെന്ന് മരണവിവരമറിഞ്ഞ് ബുറൈദയിലെത്തിയ സഹോദരന്‍ അബ്ദുല്‍ സലാം പറഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിനൊപ്പം ബഷീര്‍ വെളളില, നൗഷാദ് കോഴിക്കോട് എന്നിവര്‍ സഹായത്തിനുണ്ട്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു