റിയാദ്: ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിലെ ആശുപത്രിയില്‍ നിര്യാതനായി. പാലക്കാട് പട്ടാമ്പി സ്വദേശി കൂരിയാട്ടുതൊടി ഷാനവാസ് (41) ആണ് മരിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെത്തുടര്‍ന്നു ഒരു മാസത്തോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിക്കുകയും ശരീരത്തിന്റെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനം നിലക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.

18 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ ശറഫിയ്യയില്‍ സ്‌നാക്ക് ജ്യൂസ് ഷോപ്പ് നടത്തിവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. പിതാവ്: പരേതനായ കുരിയാട്ടുതൊടി അബൂബക്കര്‍, മാതാവ്: പുളിക്കല്‍ ആയിശ, ഭാര്യ: സമീറ കാരക്കാട്, മക്കള്‍: ഫാത്വിമ നിദ, റിയാസ്, നഹാസ്. സഹോദരി ഭര്‍ത്താവ് അഹമ്മദ് ബാബു ജിദ്ദയിലുണ്ട്. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.