നെഞ്ചുവേദനയെ തുടര്‍ന്ന് മഫ്‍റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ നാട്ടിക പുതിയപറമ്പത്ത് വീട്ടില്‍ നജീബ് ആലിമോന്‍ മരിച്ചു. 

അബുദാബി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയ പ്രവാസി മലയാളി ആശുപത്രിയില്‍ മരിച്ചു. തൃശൂര്‍ നാട്ടിക പുതിയപറമ്പത്ത് വീട്ടില്‍ നജീബ് ആലിമോന്‍ (56) ആണ് മരിച്ചത്. മുസഫ ഷാബിയയില്‍ താമസിച്ചിരുന്ന അദ്ദേഹം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ഫോണിക്സ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

എന്നാല്‍ പരിശോധനയില്‍ രോഗം ഗുരുതരമാണെന്ന് കണ്ടെത്തിയത ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ മഫ്‍റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയില്‍ കാണിച്ച് വരാമെന്നും ഭാര്യയെ വിളിച്ചറിയിച്ചിരുന്നു.

അബുദാബിയില്‍ ഫുഡ്‍സ്റ്റഫ് കമ്പനിയുടെ സെയില്‍സ് സൂപ്പര്‍വൈസറായിരുന്നു. പരേതനായ അലിമോന്റെയും റുഖിയ്യയുടെയും മകനാണ്. ഭാര്യ - ആബിദ. മക്കള്‍ - നാദിയ, നാജിയ, നിഗാര്‍ അലി. മരുമകന്‍ - സനു ശരീഫ്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്‍ച നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.