റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തൃശൂർ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശ്ശേരി അനീഷ് (34) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. രാത്രിയിൽ മുറിയിൽ കസേരയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പാഴാണ് ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചത്. ഇതറിയാതെ, ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ വേണ്ടി വന്നുവിളിച്ചപ്പോഴാണ് ഇരുന്ന ഇരുപ്പിൽ തന്നെ മരിച്ചനിലയിൽ കണ്ടത്. 

അഞ്ചുവർഷമായി റിയാദിലുള്ള അനീഷ് സുഹൃത്തുക്കളോടൊപ്പം ശുമൈസിയിലാണ് താമസിച്ചിരുന്നത്. രാധാകൃഷ്ണൻ, പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഭാര്യ: രേഖ. മൂന്ന് വയസായ ഒരു ആൺകുട്ടിയുണ്ട്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി  അടുത്ത സുഹൃത്തും ബന്ധുവുമായ അജീഷ് ചേലക്കരയും ബന്ധുവായ ശശിധരനും അറിയിച്ചു.