റിയാദ്: സൗദി അറേബ്യയിൽ മുനിസിപ്പൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി തൽക്ഷണം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ  നിന്ന് 200 കിലോമീറ്റർ അകലെ അൽജില്ല എന്ന സ്ഥലത്ത് ശനിയാഴ്ച പകലുണ്ടായ അപകടത്തിൽ മലപ്പുറം ആലത്തൂർപടി മേൽമുറി സ്വദേശി മൂസ  കുഴിക്കണ്ടനാണ് (49) മരിച്ചത്. കൂടെയുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

വെള്ളം വിതരണം ചെയ്യുന്ന മുനിസിപ്പാലിറ്റിയുടെ ട്രക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ട്രക്ക് ഓടിക്കുകയായിരുന്ന മൂസ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം അൽഖുവൈയ്യ ജനറൽ ആശുപത്രി  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 26 വർഷമായി അൽജില്ല മുനിസിപ്പാലിറ്റിയിൽ ഡ്രൈവറാണ് മൂസ. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ അവധിക്ക്  പോയി മടങ്ങി വന്നത്. പിതാവ്: സി.കെ. അബൂബക്കർ. ഭാര്യ: ഷെരീഫ. നാല് മക്കളുണ്ട്. തുടർ നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.