റിയാദ്​: ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന്​ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കൊല്ലം ആശ്രാമം 'മയൂഖ'ത്തിൽ സുദീപ് സുന്ദരനാണ്​ (47) ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ മരണപ്പെട്ടത്​. രണ്ടു ദിവസം മുമ്പാണ്​ ഛർദിയും  തലകറക്കവുമുണ്ടായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്​ അടിയന്തര ശസ്ത്രക്രിയക്ക്​ വിധേയനാക്കി. അതിന്​ ശേഷം മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും അന്ത്യം സംഭവിക്കുമായിരുന്നു. 20 വർഷമായി ജിദ്ദ ബലദിയ റോഡിൽ ഫവാസ് റെഫ്രിജറേഷൻസ്​ എന്ന കമ്പനിയിൽ സെയിൽസ്‍മാനായി ജോലി ചെയ്യുകയായിരുന്നു. സാമൂഹിക പ്രവർത്തകനായിരുന്ന സുദീപ് ജിദ്ദയിലെ കൊല്ലം പ്രവാസി സംഗമം എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു. ജീവകാരുണ്യ വിഭാഗം കൺവീനറുമായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ബിന്ദുവാണ് ഭാര്യ. അമൃത സുദീപ്, ആദിത്യൻ സുദീപ് എന്നിവർ മക്കൾ.