കുവൈത്ത് സിറ്റി: പ്രവാസി മലയാളിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി സണ്ണി യോഹന്നാന്‍ (55) ആണ് മരിച്ചത്. സാല്‍മിയയിലെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.

ഇദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ മാസം അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ടായിരുന്നതിനാല്‍ മൃതദേഹം കാണാനോ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇതിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം. ഇതനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് സാമൂഹിക പ്രവര്‍ത്തകര്‍.